പൂഞ്ഞാർ: പെരിങ്ങുളത്ത് ഇന്ന് ആരംഭിക്കുന്ന ഫുട്ബോൾ മാമങ്കത്തിന് ആരവങ്ങൾ ഉയരുമ്പോൾ സ്പാർട്ടൻസ് കപ്പ് എന്ന പേരിലുള്ള മത്സരം നാടിൻ്റെ ഓമനയും ഫുട്ബോൾ കളിക്കാരനുമായിരുന്ന ജെസ്റ്റിൻ ജോസ് കുളത്തിനാൽ എന്ന യുവാവിൻ്റെ ഓർമ്മ ചിത്രമായി മാറുന്നു. നിരവധി യുവജനപ്രസ്ഥാനങ്ങൾ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന നാടാണ് പെരിങ്ങുളം.
പുതിയ സംഘടനകൾ രൂപം കൊള്ളുന്നതും പഴയ സംഘടനകൾ പിരിഞ്ഞു പോകുന്നതും നാട്ടിലെ സ്ഥിരം സംഭവമാകുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമാകുകയാണ് സ്പാർട്ടൻസ് ക്ലബ്ബ്.
ക്രിക്കറ്റിലും ഫുട്ബോളിലും വോളിബോളിലും പ്രഗൽഭരായ താരങ്ങളെ കണ്ടെത്തി സമീപത്തെ കായിക മത്സരങ്ങളിൽ പങ്കെടുത്തും പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ കായികോത്സവങ്ങളിൽ നിറസാന്നിധ്യമായും വോയിസ് ഓഫ് പെരിങ്ങുളം എന്ന പേരിലാണ് ആദ്യം ക്ലബ്ബ് രൂപീകൃതമായത്.
ജെസ്റ്റിൻ ജോസ് കുളത്തിനാലും, അക്ഷയ് ഹരി വരയാത്തുമായിരുന്നു കൂട്ടായ്‌മയുടെ പ്രാരംഭകാലം മുതൽ നേതൃത്വം വഹിച്ചിരുന്നത്. സാഹോദര്യവും സൗഹൃദവും കായിക ക്ഷമതയും സമന്വയിപ്പിച്ച് വിജയകരമായി മുന്നോട്ടു പോയിരുന്ന സംഘത്തിന് അപ്രതീക്ഷിത വേദനയായി മാറി ക്ലബ്ബിൻ്റെ നേതൃത്വം നൽകിയിരുന്ന ജെസ്റ്റിൻ ജോസ് കുളത്തിനാലിന്റെ വിയോഗം. പ്രിയ കുട്ടുകാരൻ്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമായി ക്ലബ്ബ് മാറണമെന്ന് തീരുമാനമെടുത്തു.
ജെസ്റ്റിൻ ജോസിൻ്റെ ക്രിക്കറ്റ് കളിക്കളത്തിലെ വിളിപ്പേരായിരുന്ന സ്പാർട്ടൻ മില്ലർ എന്ന പേരിൽ നിന്നും സ്പാർട്ടൻസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് എന്ന് പേര് നൽകിയത്.