പാലാ: ‘ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തവമാനേജ്മെന്റുകൾ തടസം നിൽക്കുന്നു’ എന്ന് ധ്വനിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തികച്ചും തെറ്റിദ്ധാരണജനകമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപത.
കേരളത്തിലെ ക്രിസ്ത്യൻ എയ്‌ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അധ്യാപകർ സർക്കാരിൻ്റെ തികഞ്ഞ പക്ഷപാതപരമായ നിലപാടുമൂലം ഗൗരവമായ പ്രതിസന്ധിയിലായിരിക്കുന്ന ഈ കാലത്ത് മന്ത്രി തന്നെ ക്രൈസ്‌തവ സമൂഹത്തിനെതിരെ ദുരുദ്ദേശപരമായ പ്രസ്ഥാവനകൾ നടത്തുന്നത് പ്രതിഷേധാർഹമാണ്.
കോടതിവിധി അനുസരിച്ചും, സർക്കാരിൻറെ ഉത്തരവുപ്രകാരവും നിശ്ചിത ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി ക്രിസ്ത്യൻ മാനേജ്മെന്റുകൾ മാറ്റിവെച്ചിട്ടുണ്ട്. എന്നിട്ടും അധ്യാപക നിയമനങ്ങൾ അംഗീകരിക്കില്ലെന്ന് സർക്കാർ ശാഠ്യം പിടിക്കുന്നത് അപലപനീയമാണ്.
ഈ വിഷയങ്ങൾ ഉന്നയിക്കുമ്പോളെല്ലാം വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി അംഗീകരിക്കാനാവില്ല. നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി; അഡ്വ മോൻസ് ജോസഫ് എംഎൽഎ ക്ക് നൽകിയ മറുപടിയും തെറ്റുധാരണ ഉണ്ടാക്കുന്നതും നിയമ സഭയെ കബളിപ്പിക്കുന്നതും ആണ്.
അധ്യാപകരും തൊഴിൽ ചെയ്‌തു ജീവിക്കുന്നവരാണെന്നും; കുഞ്ഞുങ്ങൾക്ക് അറിവു പകർന്നു കൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാർത്തെടുക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സർക്കാരിന്റെതാണെന്നും, എത്രയും വേഗം അവർക്ക് നീതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്എംവൈഎം പാലാ രൂപതാ പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി, വൈസ് പ്രസിഡൻ്റ് ജോസഫ് തോമസ്, ബിൽന സിബി, ബെനിസൺ സണ്ണി, എഡ്വിൻ ജെയ്സ്, സി. ആൻസ് എസ്എച്ച്, സി. നിർമ്മൽ തെരേസ് എന്നിവർ പ്രസംഗിച്ചു.