എലിക്കുളം: പഞ്ചായത്തിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ മാജിക് വോയ്സിലെ മുഖ്യ ഗായകനും ഭിന്നശേഷിക്കാരനുമായ സുനീഷ് ജോസഫിന് 75 ആം റിപ്പബ്ലിക് ദിനം മറക്കാനാവില്ല. പരസഹായമില്ലാതെ സഞ്ചരിക്കാൻ സ്വന്തമായി ഒരു വാഹനമായി.
ജീവിതത്തിലെ ദുരിതവഴികളിലൂടെ സഞ്ചരിച്ച് കുരുവിക്കൂട് കവലയിൽ സ്വന്തമായി കോമൺ സർവ്വീസ് സെന്റർ നടത്തി വന്നിരുന്ന സുനീഷിന്റെ സ്വപ്നമായിരുന്നു. സ്വന്തമായി സഞ്ചരിക്കുക എന്നത്.
പഞ്ചായത്തംഗമായ മാത്യൂസ് പെരുമനങ്ങാടിനോട് തന്റെ ഈ ആഗ്രഹം അറിയിച്ചു. മാത്യൂസ് ആ സ്വപ്നം സഫലമാക്കാമെന്ന് ഉറപ്പും നല്കി.മാത്യൂസിന്റെ വിദേശ മലയാളികളായ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചതോടെ അവർ മുൻകൈയെടുത്ത് തൃശൂരുള്ള ഒരു കമ്പിനിവഴി അത് സാധ്യമാക്കി.
റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ലക്ഷം രൂപയോളം വിലവരുന്ന ഇലക്ട്രിക് വീൽ ചെയർ ഇനി സുനീഷിന് സ്വന്തം. വീൽ ചെയർ വിതരണം മാണി. സി. കാപ്പൻ എം.എൽ.എ. ഇലക്ട്രിക് വീൽ ചെയർ സുനീഷിന് കൈമാറി ഉദ്ഘാടനം ചെയ്തു.
മാജിക് വോയ്സ് രക്ഷാധികാരിയും പഞ്ചായത്തംഗവുമായ എസ്. ഷാജി അധ്യക്ഷത വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് മുഖ്യ പ്രഭാഷണം നടത്തി. എലിക്കുളം ഉണ്ണി മിശിഹാ പള്ളി വികാരി ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ അനു ഗ്രഹ പ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ സിനി ജോയ് , കെ.എം. ചാക്കോ . ഉരുളികുന്നം എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് ഈ .ആർ . സുശീല പണിക്കർ , ഇ പി.കൃഷണൻ, നിറവ് 60 @ സെക്രട്ടറി വി.പി.ശശി.,ശശീന്ദ്ര മാരാർ, കെ.എൻ. ഷീബ എന്നിവർ സംസാരിച്ചു.
സഹായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി പറഞ്ഞ് സുനീഷ് ജോസഫ് തന്റെ മറുപടി പ്രസംഗം വികാര ഭരിതമാക്കി. ഭിന്നശേഷിക്കാരുടെ പഞ്ചായത്തല കോർഡിനേറ്റർ മാത്യൂസ് പെരുമനങ്ങാട് സ്വാഗതവും മാജിക് വോയ്സ് കോ ഓർഡിനേറ്റർ ടോജോ കോഴിയാ റ്റുകുന്നേൽ നന്ദിയും പറഞ്ഞു.ചടങ്ങിൽ മാജിക് വോയ്സിലെ മറ്റു കലാകാരന്മാരെ എം.എൽ.എ. പൊന്നാട അണിയിച്ച് ആദരിച്ചു. സന്തോഷ നിമിഷങ്ങൾക്ക് നിറം പകർന്ന് മാജിക് വോയ്സിലെ കലാകാരന്മാരുടെടെ ഗാനമേളയും ഉണ്ടായിരുന്നു.