ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് നടൻ പുറത്തിറങ്ങുന്നത്. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ഷൈനിനെ ജാമ്യത്തിൽ വിടുന്നത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നതെന്ന് നേരെത്തെ നോർത്ത് പൊലീസ് സ്റ്റേഷൻ എ സി പി വ്യക്തമാക്കിയിരുന്നു.
ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചന കുറ്റവും ചുമത്തി. കൂട്ടുകാരനുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധനക്കായി എത്തിയത്. ഷൈൻ ടോം ചാക്കോയുടെ നേതൃത്വത്തിൽ ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നായിരുന്നു വിവരം.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം എത്തിയത്. നടൻ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള പൊലീസ് വിലയിരുത്തൽ. ചോദ്യം ചെയ്യലിലും പൊലീസ് ഇക്കാര്യം ആവർത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ ഷൈൻ പരാജയപ്പെട്ടു എന്ന് പൊലീസ് പറയുന്നു.
അതേസമയം, ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അന്നത്തെ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് മൊഴി. ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്.
ഒരു വർഷം മുമ്പ് കൂത്താട്ടുകുളത്തെ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും മൊഴിയിൽ പറയുന്നു. നടന്റെ മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതും പരിശോധനയ്ക്ക് വിധേയമാക്കും.