താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കും.

നേരത്തെ താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ പരീക്ഷ എഴുതിക്കാന്‍ ഉള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ പ്രതിഷേധപ്രകടനം നടത്തിയ കെ,എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
