Pala

നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍

പാലാ: നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍.

പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ച ‘സേ നോട്ട് ടു ഡ്രഗ്‌സ്’ കാമ്പയിന്‍ പരിപാടിയുടെ രൂപതാതല ഉദ്ഘാടനം മൂലമറ്റം ബിഷപ് വയലില്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഫാ. വെള്ളമരുതുങ്കല്‍.

സ്ത്രീകളും പെണ്‍കുട്ടികളും പോലും ലഹരിമാഫിയയുടെ കെണിയില്‍ പെട്ടുപോകുകയാണെന്നും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഗുരുതര പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ആതുരശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഹരിക്കെതിരെ വന്‍മതിലുകള്‍ സൃഷ്ടിക്കാനാവുമെന്നും ഫാ. വെള്ളമരുതുങ്കല്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറിയും റിസോഴ്‌സ് പേഴ്‌സണുമായ പ്രസാദ് കുരുവിള ക്ലാസ് നയിച്ചു.

ബിഷപ് വയലില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആനി കൂട്ടിയാനിയില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലിസബത്ത് എമ്മാനുവേല്‍, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സി കുളമാക്കീല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ ആനി സിറിയക്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ് ഐക്കരപറമ്പില്‍, ജോസ് കവിയില്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആല്‍ബര്‍ട്ട് ജോയി, സ്‌നേഹ സാബു എന്നിവര്‍ പ്രസംഗിച്ചു.

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പി.റ്റി.എ. പ്രസിഡന്റുമാരുടെയും പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയ വന്‍ജനപങ്കാളിത്തത്തോടെ നടന്ന സമ്മേളനങ്ങള്‍ക്കും ഡോര്‍ ടു ഡോര്‍ പ്രചരണ പരിപാടികള്‍ക്കും രൂപതയിലെ സിസ്റ്റേഴ്‌സിന്റെ സംഗമ പരിപാടികള്‍ക്കും തുടര്‍ച്ചയെന്നോണമാണ് ആതുരശുശ്രൂഷാ പ്രവര്‍ത്തനമേഖലയിലേക്ക് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കടന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *