കോട്ടയം :അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിച്ച നിരവധി ഇന്ത്യൻ വംശജർക്കും മിന്നും വിജയം. മലയാളിയായ റോബിൻ ഇലക്കാട്ട് മൂന്നാം തവണയും ടെക്സസിലെ മിസ്സോറി സിറ്റിയുടെ സാരഥിയാകും. വൻ ജനപിന്തുണയോടെയാണ് റോബിൻ ജയിച്ചു കയറിയത്. വിർജീനിയയിലെ പുതിയ ലെഫ്റ്റനന്റ് ഗവർണറും ജനിച്ചത് ഇന്ത്യയിലാണ്.
അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മിസോറി സിറ്റി മേയറായി മൂന്നാം തവണയും വിജയിച്ച റോബിൻ ഇലക്കാട്ട്. കോട്ടയം കുറുമുള്ളൂർ സ്വദേശിയാണ് റോബിൽ ഇലക്കാട്ട്. 55 ശതമാനം വോട്ട് ആണ് റോബിൻ ഇലക്കാട്ടിന് ലഭിച്ചത്.
എതിർ സ്ഥാനാർഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടും ലഭിച്ചു. നവംബർ നാലിന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയമാണ് അദ്ദേഹം നേടിയത്. രണ്ട് ടേമിലായി മിസോറി സിറ്റിയുടെ മുഖഛായ മാറ്റിയ റോബിൻ ഇലക്കാട്ടിനു ഈ വിജയം പ്രതീക്ഷിച്ചിരുന്നു.





