Top News

വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി.വിഗ്നേശ്വരിയുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം. മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടന്നത്.

ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ 20 ശതമാനവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനവുമാണ് ആദ്യഘട്ടത്തില്‍ റാന്‍ഡമൈസ് ചെയ്തത്. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ ആണ് നടന്നത്.

കോട്ടയം തിരുവാതില്‍ക്കലുള്ള ഇ.വി.എം. വെയര്‍ഹൗസിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. റാന്‍ഡമൈസേഷനിലൂടെ ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലേയ്ക്കുമായി അനുവദിച്ച വോട്ടിംഗ് മെഷീനുകള്‍ ഏപ്രില്‍ 8,9 തിയതികളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൂടെ സാന്നിധ്യത്തില്‍ അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്കു മാറ്റും.

പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോട്ടയം ലോക്സഭാ മണ്ഡലത്തിലും ചങ്ങനാശേരി നിയമസഭാ മണ്ഡലം മാവേലിക്കര നിയമസഭാ മണ്ഡലത്തിലും കാഞ്ഞരിപ്പള്ളി പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുമാണ്.

തിരുവാതില്‍ക്കലെ വെയര്‍ ഹൗസില്‍നിന്നു മാറ്റുന്ന വോട്ടിംഗ് മെഷീനുകള്‍ പാലാ മണ്ഡലത്തില്‍ പാലാ സെന്റ് വിന്‍സെന്റ് പബ്ലിക് സ്‌കൂള്‍, കടുത്തുരുത്തി മണ്ഡലത്തില്‍ കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം മണ്ഡലത്തില്‍ വൈക്കം സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം മണ്ഡലത്തില്‍ കോട്ടയം എം. ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പളളി മണ്ഡലത്തില്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്.

ചങ്ങനാശേരി മണ്ഡലത്തില്‍ ചങ്ങനാശേരി എസ്.ബി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂഞ്ഞാര്‍ മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ കോളജ് എന്നിവിടങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്.

വോട്ടെടുപ്പിനുശേഷം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ നാട്ടകം ഗവ. കോളജിലെയും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജിലെയും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയയിലെയും സ്ട്രോങ് റൂമുകളിലാണു സൂക്ഷിക്കുന്നത്.

യോഗത്തില്‍ തെരഞ്ഞെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *