ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ന്യേത്യത്വത്തിൽ ഖുർആൻ സ്റ്റഡി സെൻ്റർ പഠിതാക്കളുടെ സംഗമവും ‘സൂറുത്തുന്നൂർ’ ആധാരമാക്കി നടത്തിയ പ്രശ്നോത്തരിയുടെ ജില്ലാതല വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി.
വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.ടി.പി. സാജിത ഉദ്ഘാടനം ചെയ്തു. അന്ധകാരത്തിലാണ്ട് പോയ ഒരു ജനതയെ കേവലം 23 വർഷക്കാലം കൊണ്ട് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന ഉത്തമ സമൂഹമാക്കി മാറ്റിയത് പരിശുദ്ധ ഖുർആനിൻ്റെ വെളിച്ചത്തിലാണെന്നും മൂല്യച്യുതിയിലേക്കു വഴിമാറിപ്പോകുന്ന ഈ കാലത്തും വിശുദ്ധ ഖുർആൻ നമ്മുടെ ജീവിതത്തോട് ചേർത്ത് വെക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. നസീമ ടീച്ചർ, സെക്രട്ടറി സാഹിറ എം.എ, ജില്ലാ പ്രസിഡൻ്റ് കെ.കെ. സക്കീന, ജില്ലാ സെക്രട്ടറി റഷീദ സാജിദ്, ജില്ലാ സമിതിയംഗങ്ങളായ സാറ എം.റ്റി, നിസ അബ്ബാസ്, ഷാഹിന നിസാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. അൽ മനാർ വിദ്യാർഥിനി സാക്കിയ ഖിറാഅത്ത് നടത്തി.