മുണ്ടക്കയം: 50 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 വർഷക്കാലമായി ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നിട്ടും, വനം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല.
തുടർന്ന് വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി തടസ്സങ്ങൾ പരിഹരിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയെടുത്തത്.
മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിലെ ഒട്ടേറെ ഗ്രാമങ്ങളിലെ നൂറുകണക്കിന് ആളുകൾക്ക് ഏകദേശം ആറ് കിലോമീറ്റർ ലാഭത്തിൽ എരുമേലിയിലേയ്ക്കും, തുടർന്ന് റാന്നി, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങി തെക്കൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിനും, കൂടാതെ തമിഴ്നാട്ടിൽ നിന്നും, ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്കും, കാനനപാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്കും ഈ റോഡ് ഏറെ പ്രയോജനപ്രദമാണ്.