പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷൻ വാദം. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം – കെ നവീൻ ബാബുവിന്റെ ആത്മഹത്യ.
നവീൻ ബാബുവിന്‍റെ മകളുടെ ചിത്രമുൾപ്പെടെ ഉയർത്തി വൈകാരികമായാണ് കുടുംബത്തിന് വേണ്ടി അഭിഭാഷകൻ വാദിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. പെട്രോൾ പമ്പിൽ ദിവ്യയുടെ താത്പര്യമെന്താണെന്ന് കണ്ടെത്തണമെന്നും അഭിഭാഷകൻ വാദിച്ചു.
വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത വൈരാഗ്യം നവീൻ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും കുടുംബം കോടതിയിൽ വാദിച്ചിരുന്നു.
അധികാരപരിധിയിൽപെടാത്ത കാര്യമായിട്ടും ഒരു എഡിഎമ്മിന് മേൽ സ്വകാര്യപമ്പിന് അനുമതി നൽകാൻ സമ്മർദം ചെലുത്തി. പെട്രോൾ പമ്പ് ബെനാമി ഇടപാടെന്നും ഇതിൽ ദിവ്യയുടെ ബന്ധം അന്വേഷിക്കണമെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു.