പൂവരണി : ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ.
ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ സൗഹൃദങ്ങൾ ലഹരി വസ്തുക്കളിലേക്കും മൊബൈൽ, ഇൻറർനെറ്റ് തുടങ്ങിയവയിലേക്കും വഴിമാറി പോയിരിക്കുന്നുവെന്നും അവ തിരികെ നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങളായി മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ കർമ്മപദ്ധതിയായ മാർവാലാഹ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുക്ക് ചുറ്റുമുള്ള തിന്മയുടെ ശക്തികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും വേണ്ടതായ കരുതലും ജാഗ്രതയും മാതാപിതാക്കളുടെയും കുട്ടികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതനിവാര്യമാണെന്ന് പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. മാത്യു തെക്കേൽ അധ്യക്ഷ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
കർമ്മപദ്ധതിയുടെ ലോഗോയും ചെറുപുഷ്പ മിഷൻ ലീഗ് പൂരണി യൂണിറ്റിന്റെ പ്രേഷിത പരിശീലന മാർഗരേഖയും മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, വികാരി ഫാ. മാത്യു തെക്കേൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. സമ്മേളനത്തിൽ കഴിഞ്ഞവർഷം മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ്, പി.ടി.എ പ്രസിഡൻറ് പൗലോച്ചൻ എബ്രഹാം, സ്റ്റാഫ് സെക്രട്ടറി മാത്യു എബ്രഹാം, അസിൻ മരിയ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.