Poonjar

പൂഞ്ഞാർ ജോബ്സ് ഓൺലൈൻ ജോബ് പോർട്ടൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാംഘട്ടമായി പൂഞ്ഞാർ ജോബ്സ് എന്ന ഒരു ഓൺലൈൻ വെബ് പോർട്ടൽ പ്രവർത്തന സജ്ജമായി.

ഇതിൽ തൊഴിൽ ദാതാക്കളുടെയും, ഉദ്യോഗാർത്ഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മികച്ച നിലയിൽ പ്രവർത്തിക്കുന്ന അർദ്ധ-സർക്കാർ സ്ഥാപനങ്ങളും, കമ്പനികളും, സ്വകാര്യ സംരംഭകരുടെ പ്രസ്ഥാനങ്ങളും ഈ ഓൺലൈൻ പോർട്ടലിൽ തൊഴിൽ ദാതാക്കളായി രജിസ്റ്റർ ചെയ്ത് തങ്ങളുടെ പ്രസ്ഥാനങ്ങളിലെ ജോലി ഒഴിവുകൾ ഈ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

അതേപോലെതന്നെ അഭ്യസ്തവിദ്യർ ഉൾപ്പെടെ തൊഴിൽ ആവശ്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പോർട്ടലിൽ ബയോഡേറ്റ സഹിതം തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം.

ഇപ്രകാരം ഉദ്യോഗാർത്ഥികൾക്കും, തൊഴിൽ അന്വേഷകർക്കും പരസ്പരം ബന്ധപ്പെടുന്നതിന് ഒരു വേദിയൊരുക്കുക എന്നുള്ളതാണ് ഈ വെബ് പോർട്ടലിന്റെ ലക്ഷ്യം. ഈ പോർട്ടലിലൂടെ ലഭിക്കുന്ന സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

https://www.poonjarjobs.com/ എന്ന ലിങ്ക് മുഖേന ഈ വെബ്സൈറ്റ് സന്ദർശിച്ച് സംരംഭകർക്കും, ഉദ്യോഗാർത്ഥികൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രോജക്ട് ചീഫ് കോർഡിനേറ്റർ ബിനോയ് സി ജോർജിനെ (mob:+91 94470 28664) ബന്ധപ്പെടാവുന്നതാണെന്നും എംഎൽഎ അറിയിച്ചു.

ഉദ്യോഗാർത്ഥം യുവജനങ്ങൾ വിദേശങ്ങളിലേക്ക് കുടിയേറുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ തന്നെയുള്ള തൊഴിലവസരങ്ങൾ സംബന്ധിച്ച് എല്ലാവരിലേക്കും അറിയിപ്പ് നൽകുന്നതിനും , സംരംഭകർക്ക് മികച്ച ഉദ്യോഗാർത്ഥികളെ ലഭ്യമാക്കി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഒക്കെ ലക്ഷ്യം വെച്ച് നടത്തുന്ന ഈ പ്രവർത്തനങ്ങളിലൂടെ പുതിയൊരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും ഉദ്ദേശിക്കുന്നതായി എംഎൽഎ കൂട്ടിച്ചേർത്തു.

ജോലി സംബന്ധമായി യോഗ്യത, അപേക്ഷ, ഇന്റർവ്യൂ, സേവന-വേതന വ്യവസ്ഥകൾ, മറ്റ് ഇതര കാര്യങ്ങൾ തുടങ്ങിയവയെല്ലാം ഉദ്യോഗാർത്ഥികളും സംരംഭകരും നേരിൽ ബന്ധപ്പെട്ട് ധാരണയിൽ എത്തി ജോലി സംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കേണ്ടതാണ്. ഇക്കാര്യങ്ങളിൽ ഒന്നും വെബ്സൈറ്റ് മാനേജ്മെന്റ് ഏതെങ്കിലും ഉത്തരവാദിത്വം വഹിക്കുന്നതല്ല.

പരസ്പരം കൂട്ടിമുട്ടുന്നതിന് ഒരു വേദിയൊരുക്കുക മാത്രമാണ് പൂഞ്ഞാർ ജോബ്സ് വെബ്സൈറ്റിന്റെ ദൗത്യം. പരമാവധി ആളുകൾക്ക് തൊഴിൽ ലഭ്യത എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം എന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *