കോട്ടയം: പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പത്തുപേർക്ക് ജാമ്യം. ഏറ്റുമാനൂർ ജുവനൈൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പരിക്കേറ്റ വൈദികനോട് ഇവർക്ക് മുൻ വൈരാഗ്യമില്ല. സംഭവത്തിൽ വൈദീകന് ഗൗരവമായ പരിക്കുകളില്ല എന്ന കാരണങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട പ്രായപൂർത്തിയായ 17 പേരുടെ ജാമ്യം കോട്ടയം സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.
23-നായിരുന്നു കേസിനാസ്പദമായ സംഭവം. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായി യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിപ്പിച്ചു വീഴ്ത്തുകയായിരുന്നു.
തുടർന്ന് പരിക്കേറ്റ പൂഞ്ഞാർ സഹവികാരി ഫാദർ ജോസഫ് ആറ്റുചാലിലിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പോലീസ് പ്രതികൾക്കെതിരേ കേസെടുത്തത്.