ഈരാറ്റുപേട്ട :ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍.
അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങനാണ് വന്നതെന്ന് ജോർജ് പറഞ്ഞു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു.
