Pala

പുറത്തുവരുന്നത് ഭരണസമിതിയുടെ കെടുകാര്യസ്ഥത

പാലാ :നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജനറൽഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റോ ഇല്ല എന്ന ഗുരുതര വെളിപ്പെടുത്തൽ പുറത്ത്. ഇന്ന് ചേർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറായ സിജി ടോണി രേഖാമൂലം ഉയർത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുന്നതിന് ആവശ്യമായ കെട്ടിട നമ്പരോ ഫയർ എൻ ഒ സിയോ ഇല്ല എന്ന് നഗരസഭ അധികൃതർക്ക് സത്യം വെളിപ്പെടുത്തിയത്.

2019- 20 കാലഘട്ടത്തിൽ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തിൽ അടിയന്തര പ്രവർത്തന അനുമതി നൽകുകയായിരുന്നു എന്ന ന്യായീകരണം നിരത്തിയപ്പോൾ കോവിഡിന് ശേഷം മൂന്നുവർഷം കഴിഞ്ഞിട്ടും ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത ഭരണസമിതിയുടെ ഗുരുതര കൃത്യവിലോപം പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.

കെട്ടിട നമ്പരും, ഫയർ എൻഒസിയും ഇല്ല എന്നത് സാങ്കേതികമായ ഒരു വീഴ്ചയല്ല മറിച്ച് അതിഭീകരമായ സുരക്ഷാ വീഴ്ചയാണ് എന്നും ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിനാളുകളുടെ ജീവന് തന്നെ അപകടം ഉയർത്തുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് കണ്ടെത്തൽ സർക്കാർ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ വെളിപ്പെട്ടിട്ടും മുനിസിപ്പൽ അധികൃതരുടെയും ഭരണസമിതിയുടെയും നിസംഗത ജനങ്ങളുടെ ജീവനിട്ട് പന്താടുന്നതിന് തുല്യമാണെന്നും പ്രൊഫ.സതീശ് ചൊള്ളാനി ആരോപിച്ചു.

ഗവ.ആശുപത്രി വിഷയത്തിൽ കൗൺസിലിൽ ഭരണപക്ഷം എടുത്ത നിഷേധാത്മക ,ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്തു.

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരായ സിജി ടോണി, ജോസ് എടേട്ട്, ജിമ്മി ജോസഫ്, പ്രിൻസ് വിസി, ലിസിക്കുട്ടി മാത്യു,
ആനി ബിജോയി ,മായ രാഹുൽ എന്നിവരും പ്രസംഗിച്ചു.

പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നഗരസഭാ ഭരണസമിതി ജനങ്ങളോട് അല്പം എങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ തെറ്റുതിരുത്തി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുവാനുള്ള മാന്യത കാണിക്കണമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന പ്രതിപക്ഷത്തെ ഭൂരിപക്ഷത്തിന്റെ തിണ്ണമിടുക്കിൽ അവഗണിക്കുന്നവർക്കുള്ള മറുപടി മാസങ്ങൾക്ക് അകം നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

നടന്നിട്ടുള്ളത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ധാർമികമായി അധികാരത്തിൽ തുടരുവാനുള്ള അവകാശം ഭരണസമിതിക്ക് നഷ്ടമായെന്നും പ്രതിപക്ഷം ആരോപിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു രോഗിയുടെ കൂട്ടിരിപ്പുകാരി മരിക്കാനിടയായ സംഭവത്തിന് തൊട്ടു പിന്നാലെയാണ് പാലാ താലൂക്ക് ആശുപത്രി കെട്ടിടത്തിലെ സുരക്ഷാ വീഴ്ചകളും സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിൽ പുറത്തുവന്നത്.

ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കുന്നത് ഇലക്ട്രിക്കൽ കണ്ട്രോൾ റൂമുകൾക്കും ബാറ്ററികൾക്കും സമീപം ആയിട്ടാണെന്നും ഇത് ഗുരുതരമായ അഗ്നിബാധയ്ക്ക് വഴിവെക്കും എന്നും അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ഇത്രയും ഗൗരവകരമായ വിഷയങ്ങൾ പുറത്തുവന്നിട്ടും തെറ്റ് തിരുത്തൽ നടപടികൾ നഗരസഭയുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം എന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *