പാലാ: അഞ്ച് പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന പാലാ- ഏറ്റുമാനൂർ റൂട്ടിലെ ” മരിയൻ ബസ് സ്റ്റോപ്പ് പുതിയ ട്രാഫിക് ക്രമീകരണത്തിൻ്റെ ഭാഗമായി പൂർണ്ണമായും നിർത്തൽ ചെയ്തു കൊണ്ടുള്ള തീരുമാനം പാലായിലെ പ്രധാന ആരോഗ്യ കേന്ദ്രമായ മരിയൻ മെഡിക്കൽ സെൻ്ററിൽ എത്തുന്ന രോഗികൾക്കും നഴ്സിംഗ് ജീവനക്കാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, കൂട്ടിരിപ്പുകാർ എന്നിവർക്കും സർക്കാർ ആഫീസുകളിലും സ്കൂളിലും ഹോസ്റ്റലുകളിൽ എത്തുന്നവർക്കും വലിയ യാത്രാ ബുദ്ധിമുട്ടാണ് വരുത്തി വച്ചിരിക്കുന്നതെന്ന് ആശുപത്രിയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി.
രാത്രി ആശുപത്രിയിൽ നിന്നു മടങ്ങുന്ന രോഗികൾ പ്രത്യേകിച്ച് സ്ത്രീകൾ , ഡ്യൂട്ടി കഴിഞ്ഞു പോകുന്ന സ്ത്രീ ജീവനക്കാർ, നഴ്സിംഗ് വിദ്യാർത്ഥിനികൾ എന്നിവർക്ക് ഇപ്പോൾ ബസ് സ്റ്റോപ്പിലേയ്ക്ക് എത്തണമെങ്കിൽ വളരെയധികം ദൂരം രാത്രിയിൽ വിജനമായ വീഥിയിലൂടെ നടന്നു പോകേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്ന ഒരു ക്രമീകരണവും ഉണ്ടാക്കിയിട്ടുമില്ല.
ഡയാലിസിസ് രോഗികൾ, പനി ബാധിതർ, പരിക്ക് പറ്റിയവർ എന്നിവർക്കും ഇനി ആശുപത്രിയ്ക്ക് സമീപം വന്നിറങ്ങുവാനാവില്ല. ഡയാലിസിസ് രോഗികളെ തികച്ചും സൗജന്യമായി സ്റ്റോപ്പിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരും ഇപ്പോൾ നിസ്സഹയാരായിരിക്കുകയാണ്.
അരുണാപുരം, പുലിയന്നൂർ ബസ് സ്റ്റോപ്പുകളിൽ എത്തുന്നവർ ആശുപത്രിയിൽ എത്തുവാൻ അഞ്ഞൂറിലധികം മീറ്റർ ദൂരത്തിൽ ഒന്നിലധികം പ്രാവശ്യം റോഡ് മുറിച്ചു കടക്കേണ്ടി വരുന്നതും വളരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് എന്ന് യോഗം വിലയിരുത്തി.
യാത്രക്കാരുടെ താത്പര്യം പരിഗണിക്കാതെയും യാത്രാക്ലേശം അനുഭവിക്കുന്നവരുമായി ചർച്ച ചെയ്യാതെയുമാണ് ഗതാഗത പരിഷ്കാരം നടപ്പാക്കിയതെന്ന് യോഗം ആരോപിച്ചു.യോഗത്തിൽ ആശുപത്രി അധികൃതർ, വ്യാപാരികൾ ,വിദ്യാർത്ഥികൾ, തൊഴിലാളികൾ, യാത്രക്കാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.
യോഗത്തിൽ ഡോ. മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. സി. ഷേർളി, സി.ബെൻസി, സി.ഫെലിക്സ്, ,
രാജൻ മുണ്ടമറ്റം, ജയ്സൺ മാന്തോട്ടം, ബാബു തമസ്സാ,, സുരേഷ് ബാബു, ജയൻ, ജോണി, ഇന്ദു,അരുൺ മോഹനൻ, സിജുമോൻ. സി,കാർത്തിക് കണ്ണൻ, ജോയി തോമസ്, ബൈജു, ശശി, അനൂപ്, ജനിഷ്, മോഹനൻ, തങ്കച്ചൻ, അനിൽ, എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്റ്റോപ്പ് പുനസ്ഥാപിക്കും വിധം നടപടി ആവശ്യപ്പെട്ട്
അധികൃതർ മുമ്പാകെ ഉടൻ പരാതി നൽകുമെന്ന് അവർ പറഞ്ഞു.