പാലാ: അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ സ്പോർട്സ് മെഡിസിൻ ചികിത്സയിൽ മാർ സ്ലീവാ മെഡിസിറ്റി വീണ്ടും നേട്ടം കുറിച്ചു. വിദേശത്ത് വെച്ച് ക്രിക്കറ്റ് കളിക്കിടെ വീണു കാൽമുട്ടിന് പരുക്കേറ്റ 40 വയസ്സുള്ള കോട്ടയം സ്വദേശിയായ യുവാവിനാണ് അവയവമാറ്റത്തിലൂടെ (അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ) എ.സി.എൽ ( ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റ്) പുനസ്ഥാപിക്കുന്ന ശസ്ത്രക്രിയ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്.
ബെംഗളൂരുവിലെ ലൈസൻസ് ഉള്ള ടിഷ്യു ബാങ്കിൽ നിന്ന് അണുബാധയുണ്ടാകാതെ ഏറെ സുരക്ഷിതമായാണ് ശസ്ത്രക്രിയയ്ക്കായി ഉന്നത നിലവാരത്തിൽ അല്ലോഗ്രാഫ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
മരണാനന്തരം ദാനം ചെയ്യുന്നവരുടെ അല്ലോഗ്രാഫ്റ്റ് ഇതര സംസ്ഥാനങ്ങളിലെ ലൈസൻസ് ഉള്ള ടിഷ്യു ബാങ്കുകളിലാണ് ഉയർന്ന നിലവാരത്തിൽ സംരക്ഷിച്ചു സൂക്ഷിക്കുന്നത്. ചെറിയ താപത്തിൽ സ്റ്റെറൈൽ ചെയ്ത് സൂക്ഷിക്കുന്നതിനാൽ അല്ലോഗ്രാഫ്റ്റുകളിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയില്ല.
ദാതാവിന്റെ പരുക്ക് ഉണ്ടാകാത്ത ഭാഗത്ത് നിന്നും എടുക്കുന്ന അല്ലോഗ്രാഫ്റ്റുകൾ മറ്റ് പരുക്കുകളുണ്ടായി ശസ്ത്രകിയയ്ക്ക് വിധേയരാകുന്നവർക്കും ഗുരുതര പരുക്കേൽക്കുന്ന കായിക താരങ്ങൾക്കും ഏറെ ഗുണകരമാണ്.അല്ലോഗ്രാഫ്റ്റ് പുനസ്ഥാപിക്കുന്നതിലൂടെ പുനരധിവാസവും സാധാരണ നിലയിലേക്കുള്ള മടങ്ങി വരവും എളുപ്പത്തിലാകും.
റോഡ് അപകടങ്ങളിലും കായിക രംഗത്തെ അപകടങ്ങളിലും പരുക്കേൽക്കുന്നവർക്ക് സ്വന്തം ഓട്ടോഗ്രാഫ്റ്റ് ലഭ്യമല്ലാതെ വരുമ്പോൾ അല്ലോഗ്രാഫ്റ്റ് ഉപയോഗിക്കുന്നത് ഏറെ സുരക്ഷിതവും ഫലപ്രദവുമാണ്. സ്വന്തം കാലിൽ നിന്നു പേശികൾ ശസ്ത്രക്രിയയ്ക്കായി എടുക്കുമ്പോൾ ഉണ്ടാകുന്ന പേശീബലക്കുറവ് ഒഴിവാക്കുന്നതിനും അല്ലോഗ്രാഫ്റ്റ് സഹായകമാണ്.
കായികതാരങ്ങൾക്ക് പരുക്ക് ഭേദമായി പെട്ടെന്ന് കളിയിലേക്ക് തിരികെ എത്താനും സാധിക്കും. ഒന്നിൽ കൂടുതൽ ലിഗമെന്റുകൾക്ക് പരുക്ക് പറ്റുന്നവർക്കു് ശരീരത്ത് നിന്ന് കൂടുതൽ പേശികൾ എടുക്കേണ്ടി വരുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നതും അല്ലോഗ്രാഫ്റ്റ് പുനസ്ഥാപന ചികിത്സയുടെ നേട്ടമാണ്.
കഴിഞ്ഞ ജനുവരിയിൽ സംസ്ഥാനത്തെ ആദ്യ അല്ലോഗ്രാഫ്റ്റ് കാർട്ടിലേജ് ട്രാൻസ്പ്ലാന്റേഷനും ഡോ.രാജീവ് പി.ബി യുടെ നേതൃത്വത്തിൽ സ്പോർട്സ് ചികിത്സയ്ക്കു പ്രത്യേക സൗകര്യമുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ വിജകരമായി നടത്തിയിരുന്നു.
ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോ.അഭിരാം കൃഷ്ണൻ അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ.ജെയിംസ് സിറിയക്, ഡോ.അജിത് പി.തോമസ് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച യുവാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.