Pala

ലഹരിയുടെ ഉറവിടത്തെ തടയാതെ ‘തൊലിപ്പുറത്തെ ചികിത്സ’യ്‌ക്കെന്തു ഗുണം :പ്രസാദ് കുരുവിള

പാലാ: ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്തി തടയാതെ ഇപ്പോഴത്തെ ‘തൊലിപ്പുറത്തെ ചികിത്സ’ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

പാലാ രൂപതയുടെ ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ രണ്ടാംഘട്ട പരിപാടിയുടെ മൂന്നാം ദിനത്തില്‍ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ കുറവിലങ്ങാട്ട് സന്ദേശം നല്‍കുകയായിരുന്നു പ്രസാദ് കുരുവിള.

‘ലഹരിക്കെതിരെയുള്ള അധികാരികളുടെ ആരംഭശൂരത്വം നൈമിഷികമാണ്.’ കോവിഡ് മഹാമാരിയെ നേരിട്ട അതേ ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണം. മുളയിലെ നുള്ളിയിരുന്നെങ്കില്‍ പകര്‍ച്ചവ്യാധി പോലെ ഈ വിപത്ത് വ്യാപിക്കില്ലായിരുന്നു.

ജയിലില്‍ നിന്നും കോടതിയിലേക്ക് പോകുന്ന പ്രതികള്‍ തിരികെ മയക്കുമരുന്ന് പൊതികളുമായാണ് ജയിലിലേക്ക് പ്രവേശിക്കുന്നത് എന്ന ഒരു മുന്‍തടവുപുള്ളിയുടെ മാധ്യമങ്ങളുടെ മുന്നിലെ വെളിപ്പെടുത്തല്‍ ആശങ്കയുളവാക്കുന്നതാണ്. ഇതിനിടയിലെ കണ്ണികള്‍ ആരെന്ന് കണ്ടെത്തണം. ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളോ, റെസ്റ്റ്ഹൗസുകളോ ആയി മാറുന്നത് പൊതുസമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും പ്രസാദ് കുരുവിള പറഞ്ഞു.

കുറവിലങ്ങാട് ദേവമാതാ കോളേജിലും അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലും ബസ് സ്റ്റാന്റുകളിലും, വ്യാപാര സ്ഥാപനങ്ങള്‍, ബസുകള്‍, ഓട്ടോകള്‍, ടാക്‌സി സ്റ്റാന്റുകള്‍, ഒട്ടേറെ ഭവനങ്ങളിലുമായി പരിഹാര നിര്‍ദ്ദേശങ്ങള്‍ത്തേടി കെ.സി.ബി.സി. മദ്യവിരുദ്ധ സമതിയുടെ ടീമംഗങ്ങള്‍ കടന്നുചെന്നു.

രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ആന്റണി മാത്യു, സാബു എബ്രഹാം, ജോസ് കവിയില്‍, ജോയി കളരിക്കല്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *