Pala

പ്രൗഡഗംഭീരമായി പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബസംഗമം

പാലായുടെ പൈതൃകവും,വിശ്വാസ പാരമ്പര്യവും പ്രവാസലോകത്തെ പുതുതലമുറയിലേയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകം രണ്ടാമത് കുടുംബസംഗമം അബാസിയ ആസ്പെയർ ഇൻഡ്യൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു.

രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. പാലാ രൂപതാ പ്രോട്ടോസിൻസെല്ലുസ് വെരി.റവ.ഡോ.ജോസഫ് തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പി ഡി എം എ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ , പി ഡി എം എ അസിസ്റ്റൻ്റ് ഡയറക്ടർ റവ.ഫാദർ മാണി കൊഴുപ്പൻകുറ്റി , കുവൈറ്റ് അബാസിയ ഇടവക വികാർ റവ.ഫാദർ സോജൻ പോൾ എന്നിവർ സന്ദേശം നൽകി.

കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കിമാറ്റാൻ പ്രാദേശികമായ ഇത്തരം കൂട്ടായ്മകൾക്ക് കഴിയും എന്ന് വൈദികർ അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകൾ സമൂഹത്തിനും സാർവത്രിക സഭയ്ക്കും എന്നും മുതൽക്കൂട്ടായിരിക്കട്ടെ എന്ന് ആശംസകൾ നേർന്നു.

കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്നുമുള്ള അംഗങ്ങൾ അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാം കുടുംബസംഗമത്തിന് മാറ്റുകൂട്ടി. കുവൈറ്റിലെ രൂപതാംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി യോഗത്തിൽ പ്രകാശനം ചെയ്തു.

പി ഡി എം എ അംഗങ്ങളായ ശ്രീ ഡൊമിനിക് മാത്യു ഏരേത്ത്, ശ്രീ സിവി പോൾ പാറയ്ക്കൽ എന്നിവരെ, കുവൈറ്റിലെ ഇന്ത്യൻ പൊതുസമൂഹത്തിൻ്റെ സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന സമഗ്ര പിന്തുണകൾ പരിഗണിച്ച് പേൾ ഓഫ് പി ഡി എം എ അവാർഡ് നൽകി ആദരിച്ചു.

കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന ശ്രീ കെ ജെ ജോണിന് യോഗത്തിൽ യാത്രയയപ്പ് നൽകി. വിവാഹ ജീവിതത്തിൽ മുപ്പത് വർഷം പൂർത്തിയാക്കിയ ദമ്പതികൾ, ഉപരി പഠനത്തിന് പോകുന്ന കുട്ടികൾ, പ്രസംഗ മത്സര വിജയികൾ, സുറിയാനി സംഗീതം മത്സരവിജയികൾ എന്നിവരെ വേദിയിൽ ആദരിച്ചു.

ജനറൽ കോർഡിനേറ്റർ ജോബിൻസ് ജോൺ പാലേട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഐവി അലക്സ് സ്വാഗതവും ട്രഷറർ സുനിൽ തോമസ് തൊടുകയിൽ നന്ദിയും അറിയിച്ചു. എസ് എം സി എ ഭാരവാഹികൾ , വിവിധ ജില്ലാഅസോസിയേഷൻ പ്രതിനിധികൾ , പാലാ സെൻ്റ് തോമസ്,കുറവിലങ്ങാട് ദേവമാതാ കോളേജ് ആലുംമ്നി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *