പാലാ: പൊതുജനങ്ങൾക്കും ഇനി അൽഫോൻസ കോളജ് ലൈബ്രറിയിലെത്തി പുസ്തകങ്ങൾ എടുത്തു വായിക്കാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഈ സൗകര്യം. ഇതിനായി അംഗത്വമെടുക്കേണ്ടതില്ല.പുസ്തകങ്ങൾ പുറത്തേക്കു കൊണ്ടുപോകാൻ സാധിക്കില്ല.
2 നിലകളിലായി 20,000 ചതുരശ്ര അടി സ്ഥലത്തു വിവിധ വിജ്ഞാനമേഖലകളിലെ അൻപതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്. പഴയ മലയാളം ലിപിയിൽ എഴുതിയ പുസ്തകങ്ങളുടെ അപൂർവശേഖരവും ലൈബ്രറിയിലുണ്ട്.
ലോകത്തിലെ പ്രസിദ്ധമായ മാസികകളും ലഭിക്കും.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും കാഴ്ചവൈകല്യമുള്ള വിദ്യാർഥികൾക്കുമായി സ്ക്രീൻ റീഡർ സൗകര്യവും ഒട്ടേറെ ഇ-ബുക്കുകളും ലഭ്യമാണ്. ബ്രെയിലി ലിപി ട്രെയ്നിങ്ങിനുള്ള സൗകര്യവുമുണ്ട്.
വിജ്ഞാനം വിരൽത്തുമ്പിൽ എന്നതാണു ലൈബ്രറിയുടെ ആപ്തവാക്യം.ലൈബ്രറി കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തകമരവും ജലധാരയും 100 ചിറകുള്ള പുസ്തകവും ശ്രദ്ധേയമാണ്.
കോളജ് മാനേജർ മോൺ.ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. ഷാജി ജോൺ പുന്നത്താനത്തുകുന്നേൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ലൈബ്രേറിയന്മാരായ ബിജിമോൾ സാബു എന്നിവർ നേതൃത്വം നൽകുന്നു.