ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറ്റാറിന് കുറുകെ നാട്ടുകാരത്തിൽ കടവിൽ പാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു.
ഇവിടെ ഒരു പാലം നിർമ്മിച്ചാൽ പ്രദേശവാസികൾക്ക് തിടനാട് ടൗൺ, തിടനാട് ഹയർസെക്കൻഡറി സ്കൂൾ, തിടനാട് മഹാക്ഷേത്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതിനും പ്രധാന പാതയായ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലേക്ക് പ്രവേശിക്കുന്നതിനും എല്ലാം വളരെ എളുപ്പത്തിൽ കഴിയും.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും പാലം നിർമ്മിക്കുന്നതിന് 61 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് ജോസഫ് കല്ലങ്ങാടിന്റെ അധ്യക്ഷതയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ വിജി ജോർജ് കല്ലങ്ങാട്ട്, സുരേഷ് കാലായിൽ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കളായ ടി മുരളീധരൻ, ശ്രീകാന്ത് എം.എസ്, ഹരിലാൽ എം.എസ്, മനോജ് ടി. ജി , സുധീഷ് ചെമ്പൻകുളം, ദീപം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഗോപകുമാർ ,സെക്രട്ടറി ജെയ്സ് സെബാസ്റ്റ്യൻ പുതിയാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.