General

നാലമ്പല ദർശന തീർത്ഥാടനം: മുന്നൊരുക്കങ്ങൾ വിലയിരുത്താനായി എംഎൽഎ മാണി സി കാപ്പന്റെ അധ്യക്ഷതയിൽ ജൂൺ 15ന് യോഗം

ജൂലൈ പതിനാറാം തീയതി ആരംഭിക്കുന്ന നാലമ്പല ദർശന തീർത്ഥാടന കാലത്തോടനുബന്ധിച്ച് ഭക്തർക്ക് വേണ്ടി ഒരുക്കേണ്ട സൗകര്യങ്ങളുടെയും ക്രമീകരണങ്ങളുടെയും നിർവഹണം ഉറപ്പാക്കാനും മുന്നൊരുക്കങ്ങൾ നടത്താനും ജനപ്രതിനിധികളുടെയും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരാൻ മാണി സി കാപ്പൻ എംഎൽഎ നിർദ്ദേശം നൽകി.

ജൂൺ പതിനഞ്ചാം തീയതി തന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചു കൂട്ടുവാൻ ആണ് എംഎൽഎ ആർ ഡി ഓയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലത്ത് കഴിഞ്ഞ വർഷങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

ഭക്തർക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാവാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സമയബന്ധിതമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്.

രാമപുരം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേരാൻ നിശ്ചയിച്ചിരിക്കുന്ന യോഗത്തിലേക്ക് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ജൽജീവൻ മിഷൻ എന്നീ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, എക്സൈസ്, ഫയർ ആൻഡ് റസ്ക്യു ഉദ്യോഗസ്ഥർ, റവന്യൂ,

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ്, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, മർച്ചന്റ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, നാലമ്പല ദർശന കമ്മിറ്റി ഭാരവാഹികൾ, രാമപുരം ശ്രീരാമസ്വാമി ക്ഷേത്ര ഭാരവാഹികൾ, കൂടപ്പുലം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്ര ഭാരവാഹികൾ, അമനകര ഭരതസ്വാമി ക്ഷേത്ര ഭാരവാഹികൾ, മേതിരി ശത്രുഘ്ന ക്ഷേത്ര ഭാരവാഹികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *