മുട്ടുചിറ: ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ സേവനങ്ങൾ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ വിപുലീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
മാർ സ്ലീവാ മെഡിസിറ്റിൽ നിന്നുള്ള എമർജൻസി ഫിസിഷ്യൻമാരുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്രാ നിലവാരമുള്ള അടിയന്തര ചികിത്സ 24 മണിക്കൂറും മുട്ടുചിറ ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്.
ആധുനിക ചികിത്സ സൗകര്യങ്ങളോടെ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ആശീർവാദ കർമ്മം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവ്വഹിച്ചു.
ആരോഗ്യ പരിപാലന രംഗത്ത് ഹോളി ഗോസ്റ്റ് മിഷനും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്ന് നടത്തുന്ന പുതിയ കാൽവയ്പ്പ് സമൂഹത്തിന് ഏറെ ഗുണകരമാകുമെന്ന് എം.പി പറഞ്ഞു. ആരോഗ്യ മേഖല നേരിടുന്ന പുതിയ വെല്ലുവിളികൾ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നേരിടാൻ ആശുപത്രികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുട്ടുചിറ ദേശത്തെ ജനങ്ങളുടെ ആരോഗ്യ പുരോഗതിക്ക് സമഗ്രമായ സംഭാവനകൾ നൽകാൻ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പേര് പോലെ തന്നെ മിഷനറി ചൈതന്യം നിറയുന്ന ആശുപത്രി കൂടിയാണ് ഹോളി ഗോസ്റ്റ്’ ഹോസ്പിറ്റൽ. മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണം കൂടി ലഭിക്കുന്നതോടെ വികസന രാഗത്ത് മുന്നേറാൻ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിന് സാധിക്കുമെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനും, മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടറുമായ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന ചർച്ച് വികാരി വെരി.റവ.ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ,ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ റവ.ഡോ.അലക്സ് പണ്ടാരകാപ്പിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എബിസൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ചു പ്രഖ്യാപിച്ചിരിക്കുന്ന കമ്യൂണിറ്റി സ്കീമുകളുടെ ഭാഗമായാണ് ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ വിപുലീകരണം നടപ്പിലാക്കിയത്.