എരുമേലി-കണമല റോഡിൽ മുക്കൂട്ടുതറ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൊല്ലമുള- പേരൂർ തോടിന് കുറുകെയുള്ള പാലത്തോട് അനുബന്ധിച്ച് 11 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാലം നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
12 മീറ്റർ നീളത്തിൽ 5 അടി വീതിയിലാണ് നടപ്പാലം നിർമ്മിക്കുക. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലം ആണ് നിർമ്മിക്കുക. നിലവിലുള്ള പാലം വർഷങ്ങൾക്കു മുൻപ് നിർമ്മിച്ചതും വളരെ ഇടുങ്ങിയതുമാണ്.
അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്ന അവസരങ്ങളിൽ പാലം കടക്കുന്ന കാൽനട യാത്രക്കാരുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും വ്യാപാരികളും മറ്റും നിവേദനം നൽകിയതിനെത്തുടർന്നാണ് നടപ്പാലം നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചതെന്ന് എംഎൽഎ അറിയിച്ചു.
പരമാവധി വേഗത്തിൽ നിർമ്മാണം പൂർത്തീകരിച്ച് കാൽനടക്കാർക്ക് സൗകര്യം ഒരുക്കും എന്നും എംഎൽഎ അറിയിച്ചു. ഭാവിയിൽ പാലം പുതുക്കി പണിയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.