Kottayam

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദേശം നൽകി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്.

മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ വ്യക്തതയില്ല. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷൈനിയും ഭർത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മിൽ പിരിഞ്ഞു കഴിയുകയാണ്.

കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കഴിഞ്ഞ 9 മാസമായി ഷൈനി പാറോലിക്കലിലെ വീട്ടിൽ ആണ് കഴിയുന്നത്. രാവിലെ പള്ളിയിൽ പോകാനെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

സംഭവം നടക്കുന്നതിന്റെ തലേന്ന് വൈകിട്ടും വീട്ടുകാർ ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു. ബിഎസ് സി നഴ്സായിരുന്ന ഷൈനി കുറെ നാളായി ജോലി ചെയ്യുന്നില്ല. അടുത്തിടെ വീണ്ടും ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടാതെ വന്നതിലുള്ള വിഷമം ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *