Health

മഴക്കാലം, എലിപ്പനി ശക്തമായി പ്രതിരോധിക്കണം, ജില്ലകളില്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂം: മന്ത്രി വീണാ ജോര്‍ജ്

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം.

എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലകള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ക്യാമ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓരോ ദിവസവും വിശദമായി അവലോകനം ചെയ്യേണ്ടതാണ്.

സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഐഎംഎയുമായുള്ള മീറ്റിംഗ് അടിയന്തരമായി ചേരണം. സംസ്ഥാന തലത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കണ്‍ട്രോള്‍ റൂം ഇല്ലാത്ത ജില്ലകളില്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂം ആരംഭിക്കണം.

ജില്ലാ തലത്തില്‍ ഒരു ആശുപത്രിയിലെങ്കിലും 8 മണി വരെ പ്രത്യേക ഫീവര്‍ ഒപി ഉണ്ടായിരിക്കണം. എല്ലാ മെഡിക്കല്‍ കോളേജിലും ഫീവര്‍ ക്ലിനിക്ക് ആരംഭിക്കും. ആശുപത്രികളില്‍ മതിയായ ജീവനക്കാരെ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ അധിക ജീവനക്കാരെ ഈ കാലയളവില്‍ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഗര്‍ഭിണികളേയും കുട്ടികളേയും പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പാക്കണം. ആംബുലന്‍സ് സൗകര്യം ഉറപ്പാക്കണം. ക്യാമ്പുകളിലും പരിസരത്തും ശുചിത്വം പാലിക്കണം.

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കമില്ലാതെ കഴിക്കുന്നു എന്ന് ഉറപ്പാക്കണം. ജലദോഷം, പനി തുടങ്ങിയ രോഗങ്ങളുള്ളവരെ മാറ്റി പാര്‍പ്പിക്കണം. എല്ലാ ആശുപത്രികളും മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക. പകര്‍ച്ചപ്പനി മരണങ്ങള്‍ പ്രത്യേകമായി ഓഡിറ്റ് ചെയ്യണം.

മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളത്തില്‍ മഴ വെള്ളം കലരുന്നതിനാല്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ശ്രദ്ധിക്കണം.

ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഡെങ്കിപ്പനി പടരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം.

എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം കൊടുത്ത് വിടണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്.

കുട്ടികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *