ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് നാളെ (ഏപ്രിൽ 11)മോക്ക്ഡ്രിൽ നടത്തും. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിലെ കോസ്‌വേ ബ്രിഡ്ജ്, തീക്കോയി പഞ്ചായത്തിലെ വെള്ളികുളം എന്നിവിടങ്ങളിൽ യഥാക്രമം വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ എന്നിവ ആസ്പദമാക്കിയാണ് മോക്ക്ഡ്രിൽ നടത്തുന്നത്.
രാവിലെ എട്ടിന് ആരംഭിച്ച് 12 മണിയോടെ സമാപിക്കും. ഉച്ചകഴിഞ്ഞ് വിലയിരുത്തൽ നടത്തും. മോക്ഡ്രില്ലിനു മുന്നോടിയായുള്ള ടേബിൾ ടോപ്പ് യോഗം ചൊവ്വാഴ്ച സംസ്ഥാന- ജില്ലാ- താലൂക്ക് തല അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തി.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകടസ്ഥലത്ത് നടത്തുന്ന പ്രതികരണ- രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ടേബിൾ ടോപ്പ് എക്സർസൈസ് നടപടികൾ ഓൺലൈനായി നിരീക്ഷിച്ചു. ദുരന്ത പ്രതികരണ തയാറെടുപ്പിൽ നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കാനും
പോരായ്മകൾ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ വിലയിരുത്താനും മോക് ഡ്രിൽ സഹായിക്കും.