പാലാ :ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ദേശീയ ആദരവ്.
ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇന്റർനാഷണൽ ജൂറി ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ദേശീയ ആദരവ് ഏറ്റുവാങ്ങി.
പ്രായോഗിക അറിവുകളിലൂടെ ജീവൻരക്ഷ എങ്ങനെ സാധിക്കാം എന്ന തിരിച്ചറിവ് പകർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മെഗാ ബി.എൽ.എസ് പരിശീലനം നൽകിയത്. സമ്മേളനം ഉദ്ഘാടനവും മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. ഹൃദയം ആരോഗ്യത്തോടെ കാത്ത് സൂക്ഷിക്കുക എന്നത് ഏവരും പാലിക്കണമെന്നും മറ്റുള്ളവർക്ക് കരുതലാകാൻ ബേസിക് ലൈഫ് സപ്പോർട്ട് ഏവരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ജെ.സി.ഇ.റ്റി ഡയറക്ടർ റവ.പ്രഫ.ജെയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജെയിംസ് തോമസ് ഹൃദയാരോഗ്യദിന സന്ദേശം നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ.വി.പി.ദേവസ്യ, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ.ലിജോ പോൾ എന്നിവർ പ്രസംഗിച്ചു. സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി എന്നിവടങ്ങളിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, പൊതുജനങ്ങൾക്കും ഉൾപ്പെടെയാണ് ഒറ്റദിവസം ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയത്.