ഏറ്റുമാനൂർ: രോഗിയുമായി പോയ ആംബുലന്‍സ്, കാറില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ മെയില്‍ നഴ്‌സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലില്‍) ജിതിന്‍ ജോര്‍ജ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ 108 ആംബുലന്‍സ്, കാറില്‍ ഇടിച്ച് മറിയുകയായിരുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ജിതിന്‍. ഇവിടെനിന്നാണ് 108 ആംബുലന്‍സില്‍ നെടുങ്കണ്ടത്തേക്കും തുടര്‍ന്ന് കോട്ടയത്തേക്കും പോയത്. വെള്ളിയാഴ്ച ജോലിക്ക് കയറേണ്ട നഴ്‌സിന് അസൗകര്യം ഉണ്ടായതിനെ തുടര്‍ന്ന് പകരം ജോലിക്കു കയറിയതാണ് ജിതിന്‍.
അടിമാലിയില്‍നിന്നും രോഗിയെയും കൊണ്ട് ആംബുലന്‍സില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെനിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് രോഗിയെയും കൊണ്ട് കോട്ടയത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
പരേതനായ കാണക്കാലില്‍ ജോര്‍ജിന്റെയും ഗ്രേസിയുടെയും മകനാണ്. ജിതിന്റെ ഭാര്യ: ആന്‍സ് (ലക്ചറര്‍, എസ്എന്‍ കോളേജ് കണ്ണൂര്‍) കുറുപ്പംപടി കാഞ്ഞിരക്കൊമ്പില്‍ കുടുംബാംഗമാണ്.ഏകമകള്‍ : ജോവാന്‍ ( ഒന്നാം ക്ലാസ് വിദ്യാര്‍ഥി). സംസ്‌കാരം പിന്നീട്.