Pala

വയനാട് ദുരന്തം: പ്രത്യേക ദുരിതാശ്വാസഫണ്ട് രൂപീകരിക്കണം

പാലാ: കേരളം നിലവിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ദുരന്തത്തിൽ ഇരയായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ പ്രത്യേക ദുരിതാശ്വാസഫണ്ട് രൂപീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർദ്ദേശിച്ചു.

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽ ലഭ്യമായ തുകയും ഇങ്ങനെ രൂപീകരിക്കുന്ന അക്കൗണ്ടിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ മുൻകൈയെടുത്ത് വയനാട്ടിലെ രാഷ്ട്രീയ – സാമൂഹ്യ- സാംസ്ക്കാരിക – സന്നദ്ധ സംഘടനകളെയും സർക്കാർ സംവീധാനങ്ങളെയും ജനപ്രതിനിധികളെയും ഏകോപിച്ചു വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ മേൽനോട്ടത്തിൽ ദുരിതബാധിതർക്കായി കൃത്യമായ പദ്ധതി തയ്യാറാക്കണം.

സംഭാവനയായി ലഭിക്കുന്ന തുകയും സർക്കാർ സഹായങ്ങളും ചേർത്ത് ദുരിതബാധിതർക്ക് ആശ്വാസമേകണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ദുരിതാശ്വാസം ഏകീകൃതമാർഗ്ഗത്തിലൂടെ നടപ്പാക്കുന്നതാണ് ഉചിതം.

ദുരിതബാധിതരെ സഹായിക്കാൻ പണമായി തന്നെ ലഭ്യമാക്കാൻ ആളുകൾ തയ്യാറാകണം. ദുരന്തം വരുമ്പോൾ കേരളത്തിലെ സന്നദ്ധ സംഘടനകളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നത് അഭികാമ്യമല്ല. ദുരിതബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ സന്നദ്ധ സംഘടനകൾക്കു കഴിയും.

ഏതാനും സംഘടനകൾ കുഴപ്പം കാണിച്ചാൽ അതിൻ്റെ പേരിൽ സന്നദ്ധ സംഘടനകളെയാകെ പഴിക്കുന്നത് ഉചിതമല്ല. അത്തരക്കാരെ മനസിലാക്കാനുള്ള വിവേചനബുദ്ധി മലയാളികൾക്കുണ്ട്. രാജ്യ വിരുദ്ധ പരാമർശമടക്കം നടത്തുന്നവർ നാട്ടിൽ സ്വൈരവിഹാരം നടത്തുമ്പോൾ ദുരിതാശ്വാസനിധിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിൻ്റെ പേരിൽ മാത്രം കേസിൽക്കുടുക്കുന്ന നടപടി അനുചിതമാണ്.

ഇത്തരത്തിൽ അഭിപ്രായം പറഞ്ഞവർ ദുരിതാശ്വാസം നൽകരുതെന്ന് പറഞ്ഞിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇത്തരം അഭിപ്രായത്തിൻ്റെ പേരിൽ ആരും ദുരിതാശ്വാസ സഹായം നൽകുന്നതിൽ നിന്നും വിട്ടുനിൽക്കുകയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ പ്രമേയം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *