Top News

വിജ്ഞാപനം ഇറങ്ങി, പത്രിക സമര്‍പ്പണം ഏപ്രില്‍ നാലുവരെ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന കേരളത്തില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറങ്ങിയതോടെ പത്രിക സമര്‍പ്പണത്തിന് ആരംഭമായി.

ഏപ്രില്‍ നാലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ വരണാധികാരിയുടെ ഓഫീസിലോ, (ജില്ലാ കളക്ടറുടെ ചേംബര്‍) ഉപവരണാധികാരിയായ ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റില്‍ തന്നെയുള്ള ഓഫീസിലോ പത്രിക സമര്‍പ്പിക്കാം.

നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയതികളില്‍ പത്രിക സ്വീകരിക്കുന്നതല്ല എന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

രാവിലെ 11.00 മണി മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുമണി വരെ പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പു കമ്മിഷന്റെ സുവിധ മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വരണാധികാരി മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടു സമര്‍പ്പിക്കുന്നതിനുള്ള സമയവും ഓണ്‍ലൈനായി അനുവദിച്ചുതരും.

ഏപ്രില്‍ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രില്‍ എട്ടാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിവസം. ഏപ്രില്‍ 26ന് ആണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനും.

Leave a Reply

Your email address will not be published. Required fields are marked *