കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിൽ കുരുക്ക് വീണിട്ടുള്ള മുറിവാണുണ്ടായിരുന്നതെന്നും ആ കുരുക്ക് മുറുകിയിട്ടാണ് പുലിയുടെ ജീവൻ നഷ്ടമായതെന്നും പോസ്റ്റ്മോർട്ടത്തിൽ മനസിലായെന്നും കോട്ടയം ഡി.എഫ്.ഒ എൻ.രാജേഷ് പറഞ്ഞു. രണ്ട് കിലോമീറ്റർ അപ്പുറമുള്ള പറമ്പിലേക്കാണ് പോലീസ് നായകൾ മണം പിടിച്ചുപോയത്.
ആ പറമ്പിൽ നിന്ന് മുറിവ് സംഭവിച്ചശേഷം പുലി റബ്ബർ തോട്ടത്തിൽ വന്നപ്പോഴായിരിക്കാം ജീവൻ നഷ്ടപ്പെട്ടത്. അതിനിടയിൽ മുറിവിൽ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും എൻ.രാജേഷ് കൂട്ടിച്ചേർത്തു.
പന്നിയെ പിടികൂടാൻ വേണ്ടി തയ്യാറാക്കിയ കെണിയിൽ പുലി കുടുങ്ങിയതാകാമെന്നും സൂചനയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം ഡി.എഫ്.ഒ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മ്ലാക്കര പൊതുകത്ത് പി.കെ. ബാബുവിന്റെ റബ്ബർ തോട്ടത്തിൽ ഏകദേശം നാല് വയസ്സ് പ്രായം തോന്നുന്ന പെൺപുലിയുടെ ജഡം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ടാപ്പിങ്ങിനായി എത്തിയ ബാബു തന്നെയാണ് ജഡം കണ്ടത്.
തുടർന്ന് പഞ്ചായത്തംഗം കെ.എൻ. വിനോദിനെ വിവരമറിച്ചു. തുടർന്ന് വനപാലകരുടെ ശ്രദ്ധയിൽപ്പെടുത്തി. പുലിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.
വാഗമണ്‍ മലനിരകള്‍ക്ക് താഴ്‌വരയില്‍ ഉള്ള സ്ഥലമാണ് മ്ലാക്കര. തൊട്ടടുത്ത് വനമില്ലാത്തതിനാല്‍ പുലി എവിടെനിന്നാണ് എത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. വാഗമണ്ണിന് സമീപം കിഴുകാനം പ്രദേശത്താണ് വനമുള്ളത്.