പാലാ: പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കുടുംബ സംഗമങ്ങളിൽ പങ്കെടുത്തും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
കുടുംബ സംഗമങ്ങളിൽ പ്രസംഗം പതിവില്ല. പങ്കെടുക്കുന്നവരുമായി സംവാദം നടത്തിയും അവരോട് ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ നൽകിയുമാണ് കുടുംബ സംഗമങ്ങൾ പുരോഗമിക്കുന്നത്.
ഇതിനിടയിൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജംഗ്ഷനുകളിലുള്ള കട കമ്പോളങ്ങൾ കയറിയിറങ്ങിയും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെത്തിയും വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്. വിദ്യാർത്ഥികളടക്കമുള്ള കുട്ടികളുടെ സംഘങ്ങളെ കണ്ടാൽ വാഹനത്തിൽ നിന്നുമിറങ്ങി അവരോട് കുശലം പറഞ്ഞു രണ്ടിലെ ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് വീടുകളിൽ എത്തുമ്പോൾ പറയണമെന്നും സ്നേഹപൂർവ്വം ആവശ്യപ്പെടും.
എലിക്കുളം,മീനച്ചിൽ, കൊഴുവനാൽ, കരൂർ എന്നീ എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് ജോസ് കെ മാണി ഇന്നലെ പങ്കെടുത്തത്. പാലായുടെ സമഗ്രവികസനം ഉറപ്പു നൽകിയാണ് എല്ലായിടത്തും ജോസ് കെ മാണിയുടെ പ്രസംഗം. ഇന്നുമുതൽ ബൂത്ത് തല കൺവെൻഷനുകൾ ആരംഭിക്കുന്നതോടെ അടുത്തഘട്ടം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാകും.





