കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും.
ഹോസ്റ്റൽ മുറിയിൽ കണ്ണിൽ ചോരയില്ലാത്ത ക്രൂരത കാണിച്ച കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നീ വിദ്യാർത്ഥികൾ പഠനം തുടരാൻ അർഹരല്ലെന്നാണ് നഴ്സിംഗ് കൗൺസിലിന്റെ കണ്ടെത്തൽ.
ഇന്ന് ചേർന്ന നേഴ്സിങ് കൗൺസിൽ യോഗത്തിലാണ് പ്രതികളായ മുഴുവൻ വിദ്യാർഥികളെയും തുടർ പഠനത്തിൽ നിന്നും വിലക്കാൻ തീരുമാനമെടുത്തത്. ജൂനിയർ വിദ്യാർത്ഥികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികൾ ചെയ്തുതന്നാണ് നേഴ്സിങ് കൗൺസിലിന്റെ വിലയിരുത്തൽ.
”വിദ്യാർത്ഥികളുടെ തുടർ പഠനം തടയുമെന്ന് നഴ്സിങ് കൌൺസിൽ അംഗം ഉഷാദേവി അറിയിച്ചു. ക്രൂരമായ റാഗിങ്ങാണ് നടന്നത്. കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. കൗൺസിൽ തീരുമാനം കോളജിനെയും സർക്കാരിനെയും അറിയിക്കും.
![](https://erattupettanews.com/wp-content/uploads/2025/01/talent-crash-course-1024x576.jpg)
സേവന മേഖലയിൽ മനുഷ്യത്വം ഉള്ളവരാണ് കടന്നു വരേണ്ടത്. ജനറൽ നഴ്സിങ് പഠിക്കുന്ന കുട്ടികളുടെ ബോർഡ് നേഴ്സിങ് കൗൺസിലാണ്. കേരളത്തിൽ എന്തായാലും അവർക്ക് ഇനി പഠിക്കാൻ സാധിക്കില്ല. കേസിൽ തീരുമാനം ആകുന്നതിനുമുറയ്ക്കാകും മറ്റ് കാര്യങ്ങൾ. ഇതേ കോളേജിൽനിന്ന് 2 വർഷം മുന്നേ പരാതി വന്നിരുന്നുവെന്നും ഉഷാദേവി അറിയിച്ചു.
തുടർ നടപടികൾ അതിവേഗത്തിലാക്കാൻ സർക്കാരിനെ സമീപിക്കും. സംഭവത്തിൽ ഇരയാക്കപ്പെട്ട നാല് വിദ്യാർത്ഥികൾ കൂടി പരാതി നൽകിയതോടെ അന്വേഷണവും ബലപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി കോളേജിലും ഹോസ്റ്റലിലും പൊലീസ് തെളിവ് ശേഖരണം നടത്തുകയാണ്.