Kottayam

കോട്ടയത്തിന് ടെർമിനൽ സ്റ്റേഷൻ പദവി വേണം, മെട്രോ വൈക്കത്തേക്ക് നീട്ടണം: ഫ്രാൻസിസ് ജോർജ്

കോട്ടയം : ടെർമിനൽ സ്റ്റേഷൻ പദവിയിലേക്കു കോട്ടയത്തെ ഉയർത്തണമെന്നു ഫ്രാൻസിസ് ജോർജ് എംപി ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. മധ്യകേരളത്തിലെ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണു കോട്ടയമെന്നും എംപി പറഞ്ഞു.

കൊച്ചി മെട്രോ വൈക്കം വരെ നീട്ടണമെന്നും എംപി ആവശ്യപ്പെട്ടു. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അകലെയാണു വൈക്കം ടൗൺ. വൈക്കം നഗരത്തിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ട് വൈക്കം നഗരത്തിലേക്ക് വൈക്കം റോഡ് സ്റ്റേഷനിൽനിന്നു പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കണമെന്നും എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.

എറണാകുളത്ത് അവസാനിപ്പിക്കുന്ന പ്രതിദിന സർവീസുകളായ എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി, കാരയ്ക്കൽ – എറണാകുളം, പാലക്കാട് – എറണാകുളം മെമു, ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള മഡ്ഗാവ് – എറണാകുളം, പുണെ – എറണാകുളം ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടണം. ഇതു റെയിൽവേയുടെ വരുമാനം വർധിപ്പിക്കാ സഹായിക്കും.

ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കായി കോട്ടയം സ്റ്റേഷനിൽ പിറ്റ്‌ലൈൻ സ്ഥാപിക്കണം. മലബാർ, വഞ്ചിനാട് എക്സ്പ്രസ് ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണം. വൈക്കത്തുനിന്നു തൃശൂർ–ഗുരുവായൂർ തിരുപ്പതി സർവീസ് ആരംഭിക്കണം. 5 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് മുംബൈയിൽ ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്ന ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി നടപ്പാക്കണം. ∙ ശബരി റെയിൽ പാത നിർമാണം ഉടൻ ആരംഭിക്കണം.

കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് അനുവദിച്ച മൂവായിരം കോടി രൂപ അപര്യാപ്തമാണ്. ഇതു വർധിപ്പിക്കണം. ∙ കോട്ടയം സ്റ്റേഷനിൽ 2 റിസർവേഷൻ കൗണ്ടർ ഉണ്ടായിരുന്നത് ഒന്നായി കുറച്ചതു യാത്രക്കാർക്ക് ബുദ്ധിമുട്ടായി. കൗണ്ടർ പുനഃസ്ഥാപിക്കണം.

Leave a Reply

Your email address will not be published. Required fields are marked *