കോട്ടയം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നവംബർ 1 മുതൽ ഹാജർ രേഖപ്പെടുത്തി സെക്രട്ടറിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ (ബി. ഡി. ഒ ) ശമ്പളം അനുവദിക്കുക, ഫീൽഡ് പരിശോധനക്കും മറ്റും സെക്രട്ടറിയുടെ മുൻപാകെ മൂവ്മെന്റ് രജിസ്റ്ററിൽ ഒപ്പിട്ട് കൊണ്ട് അനുവാദം വാങ്ങി മാത്രം പോകേണ്ടതാണ് എന്നുള്ള തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിചിത്രമായ ഉത്തരവിനെതിരെയും
വകുപ്പ് സംയോജനത്തിന് ശേഷവും വിഇഒ മാർക്ക് ഇന്റർട്രാൻസ്ഫർ അനുവദിക്കാത്ത തുല്യ നീതി നിഷേധത്തിനെതിരെയും,ജോലി ഭാരം കുറക്കുന്നതിനായുള്ള വ്യക്തമായ ജോബ്ചാർട്ട് ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും കോട്ടയം ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തിലെയും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ കോട്ടയം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ യോഗം ചേരുകയും ജില്ല തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ മുൻപാകെ നിവേദനം സമർപ്പിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് ,കേന്ദ്ര ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (pmay), അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, പഞ്ചായത്തിലെ ശുചിത്വമാലിന്യ പദ്ധതികളുടെ നിർവഹണം, ഹരിതകർമസേന സംവിധാനത്തിന്റെ ഏകോപന ചുമതലകൾ,
വിവിധ പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ, ഗ്രാമസഭ കോ കോർഡിനേറ്റർ, തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള മറ്റു വിവിധ പദ്ധതികളുടെ ഫീൽഡ് തല ഉദ്യോഗസ്ഥൻ എന്നിവയുൾപ്പടെ ജോലിഭാരം കൂടുതലുള്ള ഉദ്യോഗസ്ഥ വിഭാഗം കൂടിയാണ്.
പഞ്ചായത്തിലെ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ ആണെങ്കിലും നാളിതുവരെ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഇവരുടെ ഹാജർ രേഖപ്പെടുത്തുന്നതും,ശമ്പളവും മറ്റു അലവൻസുകളും എല്ലാം നൽകി പോരുന്നത്.
ഈ ഉത്തരവ് അനുസരിച്ചു ഓഫീസ് സംവിധാനത്തിലെ ഇരട്ട നിയന്ത്രണം ഉള്ള ഉദ്യോഗസ്ഥ വിഭാഗം എന്നുള്ള വിചിത്രമായ അവസ്ഥയിലേക്ക് വി. ഇ. ഒ എന്ന വിഭാഗം ജീവനക്കാർ മാറുന്ന അവസ്ഥയാണ് ഉള്ളത്.
ഫീൽഡ് വിഭാഗം ജീവനക്കാർ ആയതിനാൽ പല പദ്ധതികളും ഫീൽഡ് പരിശോധന നടത്തേണ്ടി വരുന്നതിനാൽ സമയ നിയന്ത്രണം കൊണ്ടുവരുന്നത് പല പദ്ധതികളും സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനു കാലതാമസം ഉണ്ടാകുകയും ചെയ്യുമെന്ന് വിഇഒമാർ അറിയിച്ചു.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി നടത്തിയ പ്രതിഷേധ പരിപാടിയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ നിന്നും രാജൻ കുട്ടി എൻ. ജി, വൈക്കം ബ്ലോക്ക് നിന്നും പ്രവീൺകുമാർ , Lalam ബ്ലോക്കിൽ നിന്നും അജിത് കുമാർ ജി, ഉഴവൂർ ബ്ലോക്കിൽ നിന്നും രാജീമോൾ കെ .ർ, പാമ്പാടി ബ്ലോക്കിൽ നിന്നും അമല മാത്യു, ഈരാറ്റുപേട്ട ബ്ലോക്കിൽ നിന്നും അനുചന്ദ്രൻ, കടുത്തുരുത്തി ബ്ലോക്കിൽ നിന്നും ദേവി എസ് കുമാർ, ഏറ്റുമാനൂർ ബ്ലോക്കിൽ നിന്നും സൗമ്യ കെ വി, പള്ളം ബ്ലോക്കിൽ നിന്നും വീണ എം നായർ, മാടപ്പള്ളി ബ്ലോക്കിൽ നിന്നും സജിത എംപി, വാഴൂർ ബ്ലോക്കിൽ നിന്നും നിവ്യ ഒ. എസ്. എന്നിവർ പങ്കെടുത്തു സംസാരിച്ചു.