Kottayam

സമൂഹമാധ്യമങ്ങളിലൂടെയുള്ള വസ്ത്രവിൽപന; ഉൽപന്നം നൽകാത്ത ഉടമയ്ക്കു പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം :സമൂഹമാധ്യമത്തിലൂടെയുള്ള പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ മുൻകൂർ പണമടച്ചിട്ടും കിട്ടിയില്ല എന്ന പരാതിയിൽ സ്ഥാപന ഉടമയ്ക്കു പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

നീഡിൽ ക്രാഫ്റ്റ് ഡിസൈൻ സ്‌റ്റോർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി വസ്ത്രവിൽപന നടത്തുന്ന ഏറനാട് ഷമീല കൃപാ ഡ്രസ് ഉടമ ഷമീല ബാനു വസ്ത്രവിലയായ 11300 രൂപ ഒൻപത് ശതമാനം പലിശ ചേർത്തും നഷ്ടപരിഹാരമായി 25000 രൂപയും നൽകണമെന്നാണ് കോടതി വിധി.

അമേരിക്കയിൽ ദന്ത ഡോക്റായ കോട്ടയം പാത്താമുട്ടം സ്വദേശിനി ക്രിസ്റ്റി സാറാ തോമസാണ് പരാതിക്കാരി. ഭിന്നശേഷിക്കാരിയായ സഹോദരിക്കുള്ള പ്രത്യേകതരത്തിലുള്ള ഉടുപ്പിനുവേണ്ടിയാണ് 11300 രൂപ ഓൺലൈനായി അടച്ച് ഓർഡർ കൊടുത്തത്.

ഓർഡർ ചെയ്ത് 30 ദിവസത്തിനുള്ളിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതു നടക്കാതെ വന്നതോടെ ഉടമയെ ഫോണിലൂടെയും സമൂഹമാധ്യമത്തിലൂടെയും പലകുറി ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് 2024 സെപ്റ്റംബറിൽ വക്കീൽ നോട്ടീസും നൽകി.

പരാതി പരിഗണിച്ച കമ്മീഷൻ എതിർകക്ഷി ഹാജരാകാത്തതിനാലും തെളിവുകൾ നൽകാത്തതിനാലും പരാതിക്കാരിക്ക് നഷ്ടപരിഹാരവും വസ്ത്രവിലയും കോടതിച്ചെലവായി 5000 രൂപയും നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *