Kottayam

ആരോഗ്യപരിപാലനരംഗത്തിനൊപ്പം വിദ്യാഭാസരംഗത്തും ദേശീയ അംഗീകാരം കരസ്ഥമാക്കി കോട്ടയം സി.എം.ഐ പ്രവിശ്യാ വൈദികർ

കോട്ടയം: വി. ചാവറയച്ചന്റെ വിദ്യാഭാസ രംഗത്തെ ദീർഘവീക്ഷണത്തിന്, ലോകം മുഴുവൻ വിദ്യാഭാസത്തിന്റെ വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്ന അദ്ദേഹത്തിന്റെ പിൻഗാമികളായ സി.എം.ഐ വൈദികർക്ക് അഭിമാനമായി സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ കീഴിൽ ബംഗളുരുവിൽ പ്രവർത്തിക്കുന്ന ക്രിസ്തു ജയന്തി കോളേജിന് ഇനി യൂണിവേഴ്സിറ്റി പദവി.

രാജ്യത്തെ പ്രമുഖർ പഠിച്ചിറങ്ങിയ സി.എം.ഐ വൈദികരുടെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്ക് ശേഷം സി.എം.ഐ വൈദികരുടെ, അതും സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ ഒരു പറ്റം വൈദികരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് കോളേജ് ആരംഭിച്ചു 25 വർഷങ്ങൾ പിന്നിടുമ്പോൾ ലഭിച്ചിരിക്കുന്ന ഡീംഡ് യൂണിവേഴ്സിറ്റി പദവി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന രണ്ടാമത്തെ വലിയ ദേശീയ അംഗീകാരമാണിത്.

ഏതാനം മാസങ്ങൾക്ക് മുൻപാണ് കോട്ടയം പ്രവിശ്യയുടെ കീഴിലുള്ള കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ദേശീയ അംഗീകാരമായ എൻ.എ.ബി.എച്ച് ഫുൾ അക്രെഡിറ്റേഷൻ കരസ്ഥമാക്കിയത്.

ആരോഗ്യ മേഖലയിൽ പോലും, കടുത്ത മത്സരങ്ങൾ നേരിടുന്ന, വൻകിട കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോര ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ മിഷൻ ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നതും, മുപ്പതിലധികം ചികിത്സ വിഭാഗങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കുന്നുവെന്നതും സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ വൈദികരുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്.

പ്രീ സ്കൂൾ മുതൽ ഗവേഷണ വിഭാഗങ്ങൾ വരെ നീളുന്ന വിദ്യാഭാസ സ്ഥാപനങ്ങൾ നടത്തുന്ന സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ സ്കൂളുകൾ, കോളേജുകൾ, സ്പെഷ്യൽ സ്കൂളുകൾ തുടങ്ങിയവ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, തമിഴ്നാട്ടിലെ തേനിയിലും, കർണ്ണാടകത്തിലെ ബംഗളുരുവിലുമായി പടർന്നു കിടക്കുന്നു.

വിവിധ പ്രൊഫെഷണൽ കോഴ്‌സുകളിലേക്കുള്ള ദേശീയ എൻട്രൻസ് പരീക്ഷകളായ നീറ്റിലും, ജെ.ഇ.ഇ യിലും കേരളത്തിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന പാലാ ചാവറ സ്കൂളും, ആയിരക്കണക്കിന് നഴ്‌സുമാർക്ക് ഭാഷാ പരിശീലന രംഗത്ത് വഴിയൊരുക്കിയ കോട്ടയത്തെ ദർശന അക്കാദമിയും കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ തന്നെയെന്ന് പറയുമ്പോൾ “തങ്ങൾ ആയിരിക്കുന്നിടത്തു നിന്നും ഏറ്റവും മികച്ചത് നൽകുകയെന്ന സി.എം.ഐ വൈദികരുടെ കരുത്തുറ്റ തീരുമാനമാണ്” നമുക്ക് കാണാനാവുക. സാമൂഹ്യ മാധ്യമങ്ങൾ അടക്കം മാധ്യമ മേഖലയിൽ ശക്തമായ സാന്നിധ്യമൊരുക്കി ഡി മീഡിയ എന്ന പ്രൊഡക്ഷൻ സ്റ്റുഡിയോയും സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ വൈദികരുടേതായിയുണ്ട്.

സ്ഥാപിതമായിട്ട് രണ്ടു നൂറ്റാണ്ടിലേക്ക് അടുക്കുന്ന സി.എം.ഐ സഭ തങ്ങളുടെ വിദ്യാഭാസ നവീകരണ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച, 2025 ലെ വിദ്യാഭാസ വർഷത്തിൽ തന്നെ, 1953 ൽ ആരംഭിച്ച സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യ സഭയ്ക്ക്, സർവ്വോപരി നമ്മുടെ രാജ്യത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്തു ജയന്തി ഡീംഡ് യൂണിവേഴ്സിറ്റി.

കഴിഞ്ഞ കാൽനൂറ്റാണ്ടായി ബംഗളുരുവിലെ കൊത്തന്നുരിൽ ബോധി നികേതൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്തു ജയന്തി കോളേജ് കരസ്ഥമാക്കിയ നേട്ടങ്ങൾ അനവധിയാണ്. വളരെക്കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ സ്വയംഭരണ പദവി നേടിയ ഈ ക്യാംപസ് നാഷണൽ അസ്സെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ മൂന്നാമത്തെ അക്രഡിറ്റേഷൻ സൈക്കിളിൽ- CGPA of 3.78 വിത്ത് A++ ഗ്രേഡും, 2024 ലെ NIRF റാങ്കിങ്ങിൽ അറുപതാമത്തെ സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ത്യ ഗവൺമെന്റിന്റെ ബെസ്റ്റ് ക്ലീൻ ആൻഡ് സ്മാർട്ട് ക്യാമ്പസിനുള്ള പ്രശസ്തമായ ഗോൾഡ് റേറ്റിംഗ് ക്യാമ്പസ് സ്റ്റാറ്റസ് അവാർഡും, ഇന്ത്യ ടുഡേ എം ടി ആര്‍ എ സർവ്വേയിൽ ബെസ്റ്റ് എമർജിങ് കോളേജ് ഓഫ് ദ സെഞ്ചുറിയായി ക്രിസ്തുജയന്തി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമടക്കം പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ക്രിസ്തുജയന്തി 17 തവണ യൂണിവേഴ്സിറ്റി കൾച്ചറൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. ക്രിസ്തുജയന്തി കൂടാതെ തമിഴ്നാട്ടിലെ തേനിയിൽ പ്രവർത്തിക്കുന്ന മേരീമാതാ കോളേജും ബോധി നികേതൻ ട്രസ്റ്റിന്റെ വിദ്യാഭാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു.

വളരെ കൃത്യമായി പറഞ്ഞാൽ പഠനത്തോടൊപ്പം കലയിലും കായികപരമായ കഴിവുകളിലും മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ സി.എം.ഐ വൈദികർ നൽകുന്ന പങ്കിന് ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ് ക്രിസ്തുജയന്തിയുടെ ഈ യൂണിവേഴ്സിറ്റി പദവിയെന്ന് നിസംശയം പറയാം.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും, ഗവേഷണത്തിനും, അന്തർദേശീയ പങ്കാളിത്തത്തിനും, ഇന്ത്യൻ വിജ്ഞാന സംഹിതയ്ക്കും, ദേശീയതലത്തിൽ NEP 2020 ക്കും, പ്രധാനമന്ത്രിയുടെ വികസിത ഭാരത് 2047 ഊന്നൽ നൽകിക്കൊണ്ട് ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി, പുതിയ ക്യാമ്പസുകൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളുമായി അതിൻറെ ചരിത്രത്തിലെ പുതിയ ഒരു അധ്യായം തുറക്കുമ്പോൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ആയിരുന്ന, നിലവിലെ സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യൽ റവ. ഡോ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റിയുടെ പ്രഥമ ചാൻസലർ ആയി ചുമതലയെടുക്കും. ക്രിസ്തു ജയന്തിയുടെ നിലവിലെ പ്രിൻസിപ്പാൾ റവ. ഡോ. അഗസ്റ്റിൻ ജോർജ് ആക്ടിങ് വൈസ് ചാൻസലർ ആയും ചുമതലയെടുക്കും.

സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യൽ റവ. ഡോ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐയും, വികർ പ്രൊവിഷ്യൽ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയും, ഫാ. ജോബി മഞ്ഞക്കാലയിൽ സി.എംഐയും, ഫാ. ബാസ്റ്റിൻ മംഗലത്തിൽ സി.എം.ഐയും, ഫാ. ജെയിംസ് നീണ്ടുശ്ശേരി സി.എം.ഐയും, ഫാ. അലക്സ് തണ്ണിപ്പാറ സി.എം.ഐയും അടങ്ങുന്ന പ്രൊവിഷ്യൽ കൗൺസിലും, ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥാപന, ആശ്രമ മേധാവികളുമടക്കം മുന്നൂറിലധികം അംഗങ്ങളുമുള്ള സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യ, ആരോഗ്യ വിദ്യാഭാസ രംഗത്തെ ഓരോ പടവുകളും പിന്നിടുമ്പോൾ അത് കേരളത്തിലെ കൈസ്ത്രവ സഭയ്ക്ക് മാത്രമല്ല, ലോകത്തിന് ആകമാനം അഭിമാനിക്കാവുന്ന ചുവടുവെയ്പ്പ് ആണെന്നത് നിസംശ്ശയം പറയാം.

ഏകദേശം രണ്ടു നൂറ്റാണ്ടിന് മുൻപ് കേരളത്തിന്റെ, സർവ്വോപരി ഭാരതത്തിന്റെ അഭിമാനമായ വി. ചാവറയച്ചനിൽ ആരംഭിച്ചു കാലങ്ങൾക്ക് ഇപ്പുറം കഴിഞ്ഞ നൂറ്റാണ്ടിൽ ബ്രൂണോയച്ചനിലൂടെ കടന്നു പോകുന്ന സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ യാത്ര തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *