Mundakayam

സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി: മന്ത്രി വി.ശിവൻകുട്ടി

മുണ്ടക്കയം : സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ വിദ്യാലയങ്ങളിൽ തിരികെ എത്തിച്ച് പഠിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി.

കോസടി ഗവ. ട്രൈബൽ യു.പി. സ്‌കൂളിൽ പട്ടിക വർഗ വികസന വകുപ്പിൽനിന്നു ലഭിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെയും സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കൊഴിഞ്ഞു പോക്കു തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടിക ജാതി, തദ്ദേശസ്വയംഭരണം, വനം, സ്‌പോർട്‌സ്, ആരോഗ്യം, സാസ്‌കാരികം തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ചു കൊണ്ട് പ്രത്യേക പദ്ധതി നടപ്പാക്കും.

കുട്ടികളുടെ ഹാജർ നില ഉറപ്പുവരുത്താൻ ശക്തമായ നടപടി സ്വീകരിക്കും. സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് രാജ്യത്ത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ചില പ്രദേശങ്ങളിലെങ്കിലും അത്യപൂർവമായി കൊഴിഞ്ഞുപോക്ക് അനുഭവപ്പെട്ടിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടുണ്ട്.

ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. കൊഴിഞ്ഞു പോയതോ പ്രവേശനം നേടാത്തതോ ആയ കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലന കേന്ദ്രത്തിൽ വോളന്റിയർമാരുടെ സഹായത്തോടെ ബ്രിഡ്ജിംഗ് നടത്തും.

എല്ലാ കുട്ടികളുടെയും പഠനം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. കുട്ടികൾ സ്‌കൂൾ പഠനം അവസാനിപ്പിക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എം.ജി. ലൈജു റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതിവിശദീകരണം നടത്തി.

കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജൻ, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. പ്രകാശ്, കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രൻ,

സ്ഥിരം സമിതി അധ്യക്ഷരായ സി.എസ്. ജാൻസി, പി.എസ്. ഗിരിജ, കോരുത്തോട് ഗ്രാമപഞ്ചായത്തംഗം സി.എൻ. രാജേഷ്, കോസടി ഊരുമൂപ്പൻ പി.കെ. ഗംഗാധരൻ, ഹെഡ്മിസ്ട്രസ് പി.ടി. ശോഭനാകുമാരി, രാഷ്്ട്രീയപാർട്ടി പ്രതിനിധികളായ സി.എ. തോമസ്, ജോയ്് പുരയിടം, പി.ടി.എ. പ്രസിഡന്റ് ജയ അജയകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *