Pala

കിടങ്ങൂർ പഞ്ചായത്ത് തിരിച്ചുപിടിച്ച് സിപിഎം

കിടങ്ങൂർ: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോൺഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 നു നടത്തും. ഒന്നാം വാർഡ് അംഗം കേരള കോൺഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എൽഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കേരള കോൺഗ്രസിനൊപ്പം ചേർന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം പിടിച്ചതോടെ ബിജെപി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.

ബിജെപി ചിഹ്നത്തിൽ മൽസരിച്ചു വിജയിച്ച ഒൻപതാം വാർഡ് അംഗം കെ.ജി.വിജയനാണ് എൽഡിഎഫിനൊപ്പം നിന്നത്. എതിർ സ്ഥാനാർഥി ഇല്ലാത്തതിനാൽ വോട്ടെടുപ്പ് ഇല്ലായിരുന്നു. കെ.ജി.വിജയനെതിരെ പ്രതിഷേധവുമായി ബിജെപി അംഗങ്ങളും പ്രവർത്തകരും പഞ്ചായത്ത് ഓഫിസിന് മുൻപിൽ എത്തി.

ബിജെപിയുടെ വിജയൻ ഉൾപ്പെടെ 5 അംഗങ്ങൾക്കും വിപ്പ് നൽകിയിരുന്നു. അടുത്തിടെ മണ്ഡലം കമ്മിറ്റി പുന:സ്ഥാപിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിജയൻ വിപ്പ് കൈപ്പറ്റാത്തതിനെ തുടർന്ന് റജിസ്റ്റേഡ് തപാലിൽ അയയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *