മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ അക്ഷരത്തെറ്റ് വന്നതില്‍ ഗുരുതര പിഴവുണ്ടായെന്ന് കണ്ടെത്തല്‍. 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റ് കണ്ടെത്തി. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചു.
മുന്‍പ് മെഡല്‍ നിര്‍മിച്ചപ്പോഴും സമാന തെറ്റുകള്‍ കണ്ടെത്തിയിരുന്നു. മെഡല്‍ നിര്‍മിച്ച ‘ഭഗവതി സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. മെഡല്‍ പരിശോധിച്ച സമിതിക്ക് പിഴവുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഭാഷാദിനം കൂടിയായ കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മെഡലുകള്‍ വിതരണം ചെയ്തത്. അഭിമാനപൂര്‍വം മെഡല്‍ സ്വീകരിച്ച പോലീസുകാര്‍ പിന്നീട് നോക്കിയപ്പോള്‍ മാത്രമാണ് അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പെട്ടത്.
മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പോലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയതായി കണ്ടെത്തി. മെഡല്‍ ജേതാക്കളായ പോലീസുകാര്‍ വിവരം ഉടന്‍ മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.