ശബരിമല യുവതീപ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി ജസ്റ്റീസ് ബി.വി.നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് ജസ്റ്റീസ് നാഗരത്ന ചോദിച്ചു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ല.
ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ സോളിസിസ്റ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണായക ചോദ്യം ജസ്റ്റീസ് ബി.വി.നാഗരത്ന ഉന്നയിച്ചത്. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോ.
യുവതീപ്രവേശന ആവശ്യവുമായി ഏതെങ്കിലും വ്യക്തി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് ആയിരിക്കും. ബന്ധം വിശദീകരിക്കാനായില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അയ്യപ്പഭക്തതരായ ആരുമല്ല ശബരിമല യുവതീപ്രവേശനത്തിനായി കോടതിയെ സമീപിച്ചത്. ഇക്കാര്യം കണക്കിലെടുത്തുവെങ്കിൽ 2006 ൽ തന്നെ കേസ് തള്ളിയേനെയെന്നും ഒമ്പതംഗ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. എന്നാൽ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഉൾപ്പടെ ഈ വിഷയം പരിഗണിച്ച ശേഷമാണ് വിഷയം വിശാല ബെഞ്ചിന് വിട്ടതെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.





