കോട്ടയം: മാധ്യമപ്രവർത്തന മേഖലയിലെ കൂട്ടായ്മകൾ സംശുദ്ധ മാധ്യമപ്രവർത്തനത്തിന് ശക്തി പകരുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ (JMA) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയ കടന്നുകയറ്റം അതിശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മാധ്യമപ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. ചൂണ്ടിക്കാട്ടി.
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പോലുള്ള അംഗീകൃത സംഘടനകൾ ഈ വിഷയത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകരുടെ കൂട്ടായ്മകൾക്ക് ധാർമ്മികമായ ഇടപെടലുകളിലൂടെ മേഖലയുടെ വിശ്വാസ്യതയും നിലവാരവും ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അജീഷ് വേലനിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ എം എ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് നിർവഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് ഷിബു കൂട്ടംവാതിൽക്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അലിയാർ എരുമേലി മുഖ്യ അതിഥിയായി പങ്കെടുത്തു. ജോയി ചേട്ടിശ്ശേരി, ബിപിൻ തോമസ്, ഫാദർ ജയിമോൻ ജോസഫ്,മുഹമ്മദ് ഷാ, ആർ ഗോപകുമാർ, ബിലാസ് ജോസഫ്, റോബിൻ പാലാ, മുഹമ്മദ് സഹീർ,രാജേഷ് പൊൻകുന്നം, മോഹൻദാസ്,തുടങ്ങിയവർ സംസാരിച്ചു.





