Pala

മൂന്നാനിയിൽ ശുചിമുറി മാലിന്യ നിക്ഷേപം പതിവായി; നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് ജനവേദി ടിക്കായത്ത് മോഡൽ സമരത്തിന്

പാലാ: മൂന്നാനി ഗാന്ധിസ്ക്വയറിന് സമീപം ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പാലായിൽ ‘ടിക്കായത്ത് മോഡൽ’ സമരം നടത്തുമെന്ന് ജനവേദി അറിയിച്ചു. കർഷക പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകനേതാവായിരുന്ന മഹേന്ദ്ര സിംഗ് ടിക്കായത്തിൻ്റെ നേതൃത്വത്തിൽ പാർലെമെൻ്റിനു മുന്നിൽ കർഷകർ താത്കാലിക ശുചിമുറി സ്ഥാപിച്ച് സമരം നടത്തിയിരുന്നു.

ഈ മാതൃകയിൽ പാലായിൽ സമരം സംഘടിപ്പിക്കാൻ അധികൃതർ നിർബ്ബന്ധിതമാക്കിയിരിക്കുകയാണ്. ഗാന്ധി സ്ക്വയറിനു സമീപം ശുചിമുറി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിട്ടു നാളുകളായി. മിക്കവാറും ദിവസം ടാങ്കർ ലോറികളിൽ മാലിന്യം ഇവിടെ നിക്ഷേപിക്കുകയാണ്.

റോഡിനോട് ചേർന്ന കൈ തോട്ടിലൂടെ ഈ മാലിന്യങ്ങൾ നേരെ മീനച്ചിലാറ്റിലേയ്ക്കാണ് പതിക്കുന്നത്. കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ അടക്കം കിണറുകളും മീനച്ചിലാറ്റിൽ ഉണ്ട്. കോടതി സമുച്ചയമടക്കമുണ്ടായിട്ടും അധികൃതർ നടപടിയെടുക്കാത്തത് മൂലമാണ് ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

അബദ്ധവശാൽ കടലാസ് നിലത്തിട്ടാലും പുക സർട്ടിഫിക്കേറ്റ് എടുക്കാൻ മറന്നാലും പിഴ ഈടാക്കുന്ന നാട്ടിൽ ശുചിമുറി മാലിന്യ നിക്ഷേപം വൻതോതിൽ നടത്തിയിട്ടും നിരവധി പരാതികൾ ഉയർന്നിട്ടും അലംഭാവം തുടരുന്നത് പ്രതിഷേധാർഹമാണ്.

എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *