Pala

ജലജീവൻ പദ്ധതി: നീലൂരിൽ മീനച്ചില്‍ – മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള 45 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാല; നിർമാണോദ്ഘാടനം ഡിസം.14 ന്

പാലാ: ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മീനച്ചിൽ – മലങ്കര ശുദ്ധജല വിതരണ പദ്ധതിക്കായി കടനാട് പഞ്ചായത്തിലെ നീലൂരിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണശാലയുടെ നിർമ്മാണത്തിന് ഡിസംബർ 14 ന് തുടക്കമാകും. ശനിയാഴ്ച വൈകുന്നേരം 5.30ന് നീലൂരിലുള്ള സൈറ്റിൽ വച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ തറക്കല്ലിടും.

1243 കോടിയുടെ മീനച്ചില്‍ – മലങ്കര കുടിവെള്ള പദ്ധതിയിലൂടെ മീനച്ചില്‍ താലൂക്കിന്റെ 13 പഞ്ചായത്തുകളിലായി 42230 വീടുകള്‍ക്ക് പുതിയതായും നിലവിൽ കണക്ഷൻ ഉള്ളവർ ഉൾപ്പെടെ മുഴുവൻ ആൾക്കാർക്കും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം.ഇതിനായുള്ള ജലവിതരണ ശൃംഖലയ്ക്കായി പൈപ്പുകൾ സ്ഥാപിച്ചു വരികയാണ്.

2012-ല്‍ മീനച്ചില്‍ താലൂക്കിന്റെ ഏതാനും പഞ്ചായത്ത് മേഖലയ്ക്കായി ഭരണാനുമതി നല്‍കിയിരുന്ന പദ്ധതിക്കാണ് നീണ്ട കാത്തിരിപ്പിനു ശേഷം കേന്ദ്ര സംസ്ഥാന സംയുക്ത ജല ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടിയായത്. കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തില്‍ നീലൂരില്‍ പദ്ധതി ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കിയതും ജലസംഭരണിക്കായി ഭൂമി ഏറ്റെടുത്തതും.

ജല ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ വിപുലീകരിച്ച് മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 13 പഞ്ചായത്തുകള്‍ക്കായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നീലൂരില്‍ ശുദ്ധീകരണ പ്ലാന്റിനായി നേരത്തെ ഭൂമി ഏറ്റെടുത്ത് ഉറപ്പു വരുത്തിയത് വളരെ സഹായകരമായി.

പുതിയതായി സ്ഥാപിക്കുന്ന 42230 കുടുബങ്ങള്‍ ഉൾപ്പെടെ ഈ 13 പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സ്ഥാപനങ്ങൾ/ഹോട്ടൽ ഉൾപ്പെടെ 24 മണിക്കൂറും തടസരഹിതമായി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജലവിതരണ ശൃംഖലയ്ക്കായി 2085 കി.മീ. ഇരുമ്പ്/പിവിസി പൈപ്പ് ലൈനുകളാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. 154ജലസംഭരികളും ഇതിനായി വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്.

കടനാട്, രാമപുരം, ഭരണങ്ങാനം, മീനച്ചില്‍, തലപ്പുലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട് ,പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ എന്നീ പഞ്ചായത്തുകള്‍ക്കാണ് ജലജീവന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനുകര്‍ ഇല്ലാത്ത എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ മുഖേന ശുദ്ധജലം എത്തും.

കൂടാതെ നിലവിൽ കണക്ഷൻ ഉള്ളവർക്കും ഇതിൽനിന്നും ശുദ്ധജലം ലഭിക്കും. ഇടുക്കി ജില്ലയിലെ മലങ്കര ഡാം റിസര്‍വോയറില്‍ നിന്നും മുട്ടം വില്ലേജിലെ മാത്തപ്പാറയില്‍ അത്യാധുനിക ഫ്ലോട്ടിംഗ് പമ്പ് ഹൗസ് നിര്‍മ്മിച്ചാണ് പദ്ധതിക്കാവശ്യമായ റോ വാട്ടര്‍ ശേഖരിക്കുന്നത്.

മുട്ടം വില്ലേജില്‍ വള്ളിപ്പാറയ്ക്കു സമീപം ഒരു ബൂസ്റ്റിംഗ് സ്റ്റേഷന്‍ നിര്‍മ്മിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂര്‍സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 45 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണ ശാലയില്‍ എത്തിക്കും.

ഇവിടെ നിന്നും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപറമ്പിന് സമീപം 25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണിയിലേക്ക് എത്തും.ഇവിടെ നിന്നുമാണ് പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേകര, കൂട്ടിക്കല്‍, തലനാട്, തിടനാട്, തീക്കോയി പഞ്ചായത്തുകള്‍ക്ക് ജലം ലഭ്യമാകുക.

നീലൂര്‍ ശുദ്ധീകരണശാലയില്‍ നിന്നും കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം പഞ്ചായത്തുകളിലും ജലം എത്തും. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജലവിതരണ ശൃംഖലയ്ക്കായുള്ള പൈപ്പുകളും വിവിധ പഞ്ചായത്തുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണി വിഭാവനം ചെയ്ത് ഭരണാനുമതിയും നല്‍കിയ പദ്ധതി ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് കൂടി നടപ്പാക്കുക വഴി വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മീനച്ചിലിന്റെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് തടസ്സരഹിതമായി കൂടി നീര്‍ എത്തിക്കുന്നതിന്ഈ പദ്ധതിയിലൂടെ സാധ്യമാകും.

മലങ്കര ഡാം റിസര്‍വോയറില്‍ എന്നും ജല ലഭ്യത ഉറപ്പായതിനാല്‍ പദ്ധതിയില്‍ നിന്നും മുടക്കമില്ലാതെ ജലം ഉറപ്പുവരുത്തുവാൻ കഴിയും. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ജല ശുദ്ധീകരണ പ്രക്രിയയാണ് ഇവിടെ നടപ്പാക്കുക.

അത്യാധുനിക ക്ലാരിഫൈറുകൾ വെള്ളം അരിച്ചു പ്രാരാംഭ ശുദ്ധീകരണം നടത്തിയ ശേഷം ഫിൽറ്റർ ബെഡിലൂടെ കടത്തിവിട്ട് പൂർണമായും തെളിനീരാക്കി, ശേഷം ക്ലോറിനെ ചേർത്ത് അണുവിമുക്തമാക്കിയ ശേഷമാണു വിതരണത്തിന് തയ്യാറാവുന്നത്. കംമ്പ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ ജല വിതരണം/വാൽവുകളുടെ നിയന്ത്രണം എന്നിവ കുറ്റമറ്റതാക്കുക എന്നതും ലക്ഷ്യമിടുന്നു.

കൂടാതെ ഈ പദ്ധതിയുടെ സവിശേഷത എന്നത് ജല അതോറിട്ടറി നാളിതുവരെ നടപ്പിലാക്കിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ പ്രൊജക്ടണ് 1243 കോടിയുടെ മലങ്കര – -മീനച്ചില്‍ ജല ജീവന്‍ പദ്ധതി.

പാലയുടെ പ്രിയങ്കരനായ കെ എം മണിസാറിന്റെ സ്വപ്ന പദ്ധതി ഇന്നിവിടെ ഈ രൂപത്തിലും വിശാലമായും ആരംഭിക്കാൻ അവസരം ഒരുങ്ങിയിരിക്കുകയാണ് എന്ന് മന്ത്രി റോഷി അഗസ്റ്ററ്റ്യൻ പറഞ്ഞു. നീലൂരിൽ നടക്കുന്ന ചടങ്ങിൽ മാണി.സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.എം.പി.മാരായ ജോസ് കെ.മാണി, ഫ്രാൻസിസ് ജോർജ്, സെബാസ്ററ്യൻ കുളത്തുങ്കൽ ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *