ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കുക വഴി സിഎഎ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.