പാലാ: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രവും ഒപ്പും പരാതികൾ ഉന്നയിച്ചിട്ടും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായ റഷ്യയിലെ ബിയർ ക്യാനിൽ നിന്നും നീക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ റഷ്യൻ എംബസിയിലേയ്ക്ക് 1001 പോസ്റ്റ് കാർഡുകളയച്ച് പ്രതിഷേധിച്ചു.
ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാർഡുകളയച്ചത്. ബിയർ ക്യാനുകളിലെ ഗാന്ധിജിയുടെ ചിത്രവും ഒപ്പും ഒഴിവാക്കുക, മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ അച്ചടിച്ചത് അനുചിതമാണ് തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് കാർഡിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കത്തയയ്ക്കൽ പ്രതിഷേധം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രപിതാവിനോടുള്ള അധിക്ഷേപത്തിൽ മൗനം പാലിക്കുന്ന സൗഹൃദ രാഷ്ട്രമായ റഷ്യയുടെ നടപടി അത്ഭുതപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ വ്യാപകമായ പ്രതിഷേധിച്ചിട്ടും രാഷ്ട്രീയ നേതൃത്വങ്ങൾ ഈ വിഷയത്തിൽ കുറ്റകരമായ മൗനം പാലിക്കുകയാണ്. റഷ്യൻ ഭരണാധികാരികൾ നടപടി സ്വീകരിക്കുംവരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ സംഭവത്തിൽ ഇസ്രായേലും ചെക്ക് റിപ്പബ്ളിക്കും പരാതികൾ ഉയർന്നപ്പോൾ തന്നെ നടപടി സ്വീകരിച്ചിരുന്നതായി എബി ജെ ജോസ് ചൂണ്ടിക്കാട്ടി.
ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ജോബി മാത്യു, അനൂപ് ചെറിയാൻ, കിരൺ ട്രീസാ ജോസ്, ശീതൾ കെ സന്തോഷ്, ആൻ മരിയാ മാത്യു, ജിഷാ ഗിൽ, മെർളിൻ ആൻറണി, ലിയ മരിയ ജോസ് എന്നിവർ പ്രസംഗിച്ചു. മഹാത്മാവേ മാപ്പ് എന്ന ബാനർ ഉയർത്തിയാണ് പോസ്റ്റുകാർഡയയ്ക്കൽ പ്രതിക്ഷേധം നടത്തിയത്. വരും ദിവസങ്ങളിൽ നൂറുകണക്കിനു പരാതികൾ റഷ്യൻ എംബസിയിലേയ്ക്ക് അയയ്ക്കാനും തീരുമാനിച്ചു.