Erattupetta

കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ കണ്‍സഷന്‍ പാളി, കുട്ടികള്‍ ദുരിതത്തില്‍; ഡിപ്പോ ഉപരോധിക്കുമെന്ന് രക്ഷിതാക്കള്‍

കെ.എസ്.ആര്‍.ടി.സി.യുടെ കണ്‍സഷന്‍ ഓണ്‍ലൈന്‍ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നുവെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും നാളിതുവരെ ഒരൊറ്റ കുട്ടിക്ക് പോലും കണ്‍സഷന്‍ നല്കാനാവാതെ ഈരാറ്റുപേട്ട ഡിപ്പോ അധികാരികള്‍.

വിദ്യാഭ്യാസ സ്ഥാപന മേധാവി അംഗീകരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ എത്തുന്ന മുഴുവന്‍ കണ്‍സഷനും അതാത് ദിവസം തന്നെ നല്‍കി വരുന്നുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ വാദം. എന്നാല്‍ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയായിട്ടും ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും ഒരു കുട്ടിക്ക് പോലും ഇന്നേവരെ അങ്ങനെ കണ്‍സഷന്‍ നല്കിയിട്ടില്ലെന്ന് ഡി.റ്റി.ഒ. പറയുന്നു.

മേല്‍ഘടകം വിദ്യാഭ്യാസ സ്ഥാപന മേധാവികളെ പഴിചാരുമ്പോള്‍ യഥാര്‍ത്ഥ വിഷയം കെ.എസ്.ആര്‍.ടി.സി.യുടെ ടെക്‌നിക്കല്‍ ഇഷ്യുവും, വൈദഗ്ധ്യം നേടിയവരുടെ അപര്യാപ്തതയുമാണെന്ന് പ്രസാദ് കുരുവിള പറഞ്ഞു. വിഷയം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ഡിപ്പോ ഉപരോധ നടപടികളിലേക്ക് കടക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി.യുടെ പരിധിയില്‍ നിരവധി കോളേജുകളും സ്‌കൂളുകളും ടെക്‌നിക്കല്‍ സ്‌കൂളുകളുമുണ്ട്. ആയിരക്കണക്കിന് കുട്ടികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. പൂഞ്ഞാര്‍ – പറത്താനം മേഖലകളിലുള്ള കുട്ടികള്‍ക്കും, കൈപള്ളി പോലുള്ള പ്രദേശത്തെ കുട്ടികള്‍ക്കുമാണ് ഏറെ ദുരിതം. കെ.എസ്.ആര്‍.ടി.സി.യെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളാണ് ഇവ.

രണ്ടാഴ്ചയായി പ്രതിദിനം ’50’ രൂപയിലധികം മുടക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മലയോര മേഖലകളിലെ കൂലിപ്പണിക്കാരായ രക്ഷിതാക്കളുടെ കുട്ടികളും ഈ ഗണത്തില്‍പെടുന്നു.

അടിയന്തിര പരിഹാരത്തിനായി ഗതാഗത വകുപ്പ് മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും കീഴ്ഘടകങ്ങളിലേക്ക് അറിയിപ്പ് കൈമാറാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചയും പ്രശ്‌നപരിഹാരത്തിന് കാലതാമസം നേരിടുന്നതായി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിക്കുവേണ്ടി പ്രസാദ് കുരുവിള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *