ഈരാറ്റുപേട്ട: തെക്കേക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റെയും ഓഡിറ്റോറിയത്തിൻ്റേയും ഉദ്ഘാടനവും വിജയോത്സവവും എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
നിർവ്വഹിച്ചു.
തുടർച്ചയായ 14-ാം വർഷവും സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു മേനി വിജയം നേടിയിരുന്നു. കുട്ടികൾക്ക് തൊഴിൽ പരിശീലനം, തയ്യൽ, കുക്കിംഗ്, സോഫ നിർമ്മാണം, വയറിംങ്, പ്ലംബിങ്, ഫാഷൻ ഡിസൈനിംങ്, കേക്ക് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നതിനായാണ് ക്രിയേറ്റീവ് കോർണർ പ്രവർത്തന സജ്ജമാകുന്നത്.
അറിവ് നേടാം എന്നതിനൊപ്പം ജീവിത നൈപുണി വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തി പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കുസാറ്റുമായി സഹകരിച്ച് യു.പി. ക്ലാസ്സുകളിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ.
6, 7 ക്ലാസ്സുകളിലെ പാഠാശയങ്ങൾ ക്രിയാത്മകമായി കുട്ടികളിൽ എത്തിക്കുകയും അറിവ് നിർമ്മാണത്തിന് തൊഴിൽ ഒരു ഉപാധിയാക്കി മാറ്റുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബി.പിസി ബിൻസ് ജോസഫ് പദ്ധതി വിശദീകരണം നടത്തി.
നഗരസഭാ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, വിദ്യാഭ്യാസ കാര്യം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫാത്തിമ സുഹാന, വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഫാസില അബ്സാർ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽഖാദർ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഫസിൽ റഷീദ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ,
ഡിവിഷൻ കൗൺസിലർ ഫാത്തിമ മാഹീൻ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അഡ്വ. മുഹമ്മദ് ഇല്യാസ്, എസ്.കെ. നൗഫൽ, അബ്ദുൽ ലത്തീഫ്, ഫൈസൽ പി.ആർ, കെ.പി. സിയാദ്, ലീന ജെയിംസ്, പി.ടി.എ. പ്രസിഡൻ്റ് അനസ് പാറയിൽ, പ്രിൻസിപ്പൽ ഷീജ, ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ, സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു.